ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.പി.എം. മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ 10 നേതാക്കൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.വധശ്രമം, എക്‌സ്‌പ്ലോസീവ് ആക്ട് ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതോടെയാണിത്.
സി.പി.എം. മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും നിലവിലെ ഗ്രാമപ്പഞ്ചായത്തംഗവുമായ പി.വി. ബാബുരാജ്, ഏരിയ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ എം.കെ. പ്രദീപ്കുമാർ, തിമിരി ലോക്കൽ സെക്രട്ടറി പി.പി. സത്യൻ, മുൻ ലോക്കൽ സെക്രട്ടറി വിജയൻ ഉൾപ്പെടെ പത്തുപേർക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികൾ ആകെ 2,60,000 രൂപ പിഴയായും ഒടുക്കണം.
വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ 10 വർഷം വരെ നീളുന്ന കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ടി.വി. ബിനു ഒഴികെയുള്ള പ്രതികൾ ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഇവർ 10 വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും. എന്നാൽ രണ്ടാം പ്രതിയായ ബിനു 25 വർഷം ശിക്ഷ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളിൽ ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന വകുപ്പ് ഒഴിവാക്കിയെങ്കിലും വധശ്രമം ഉൾപ്പെടെയുള്ള മറ്റ് പ്രധാന വകുപ്പുകളെല്ലാം കോടതി ശരിവെച്ചു.
















