തൃശ്ശൂർ കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ച്. ഇളയ കുട്ടി എട്ടു വയസ്സുകാരനായ ആൽജോ മരിച്ചു . സഹോദരൻ അനോജിനെ (10) ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്. അതിനാൽ തന്നെ കുട്ടികൾ ഛർദിക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയപ്പോൾ ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കളും ബന്ധുക്കളും കരുതിയത്. തുടർന്ന് ഉടൻതന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനയിലാണ് കുട്ടികളുടെ ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. അപ്പോഴേക്കും ആൽജോയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നിലയിലായിരുന്നു.
ആശുപത്രിയിൽ നിന്ന് വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായ തിരച്ചിൽ നടത്തി. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അതീവ വിഷമുള്ള ‘വെള്ളിക്കെട്ടൻ’ (ശങ്കുവരയൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.
















