ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ‘ഛോട്ടു’ എന്ന് വിളിക്കുന്ന ജസീം ആണ് തിലാമോർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു.
കഴിഞ്ഞ ഏപ്രിൽ 11-നാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. മിഠായി നൽകി പ്രലോഭിപ്പിച്ച് നാലു വയസ്സുകാരിയെ വശീകരിച്ച ജസീം, കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പുവരുത്താൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ പരിസരത്ത് മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.ഒരാഴ്ചയിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ജസീമിനെ കണ്ടെത്താൻ പോലീസ് പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇയാൾ തിലാമോർ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് സംഘം പ്രദേശം വളഞ്ഞത്.
പോലീസിനെ കണ്ടതോടെ കീഴടങ്ങാൻ തയ്യാറാകാതിരുന്ന പ്രതി ജസീം ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതോടെ സ്വയംരക്ഷാർത്ഥം പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ കോൺസ്റ്റബിൾമാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
















