വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ പരിശോധന നടത്തിയ റവന്യൂ മന്ത്രി കെ. രാജനെ പരിഹസിക്കാനായി ‘കൂലിപ്പണിക്കാരൻ’ എന്ന വാക്ക് പ്രയോഗിച്ച ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അധ്വാനിക്കുന്ന വർഗത്തെ ഒന്നടങ്കം അധിക്ഷേപിച്ച ചാണ്ടി ഉമ്മൻ പരസ്യമായി മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആവശ്യപ്പെട്ടു.
വയനാട് ടൗൺഷിപ്പിലെ നിർമ്മാണ ഘട്ടത്തിലുള്ള വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. “കെട്ടിടനിർമ്മാണത്തിന് തൃശൂർക്കാരനായ ഒരു പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പരാമർശം. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.
ചാണ്ടി ഉമ്മന്റേത് വരേണ്യവർഗ മനോഭാവമാണെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. “കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് ഒരു പരിഹാസ്യപദമായിരിക്കാം. എന്നാൽ ചാണ്ടി ഉമ്മനെപ്പോലെ ആശ്രിത നിയമനത്തിലൂടെ എംഎൽഎ ആയ ആളല്ല കെ. രാജൻ,” എന്ന് ടി.ടി. ജിസ്മോൻ പറഞ്ഞു. സാധാരണക്കാരുടെ വിയർപ്പിനെ പരിഹസിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















