വടക്കൻ ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സമുദ്രനിരപ്പിൽ നിന്നും മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിൽ വരെ അനുഭവപ്പെട്ടു. നഗരത്തിലെ വൻകിട കെട്ടിടങ്ങൾ ഉൾപ്പെടെ സെക്കൻഡുകളോളം ശക്തമായി കുലുങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്ന് വടക്കൻ തീരപ്രദേശങ്ങളിൽ ആദ്യഘട്ട സുനാമി തിരമാലകൾ ഏതുസമയവും എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാഹചര്യം അതീവ ഗുരുതരമായി കണക്കാക്കി ജപ്പാൻ കാലാവസ്ഥാ ഏജൻസി തിരമാലകളുടെ ഗതി നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി.
















