പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുക.1,475 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 3, 65 ,77171 വോട്ടർമാരാണ് പശ്ചിമബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലുള്ളത്.
അഞ്ച് ലക്ഷംപേരെ കൂടി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വോട്ടർമാരുടെ എണ്ണം ഉയർന്നത്. മുർഷിദാബാദ് , മാൽഡ അടക്കം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെട്ട മണ്ഡലങ്ങളാകും ആദ്യഘട്ടത്തിൽ ബംഗാൾ ആര് ഭരിക്കും എന്ന് തീരുമാനിക്കുക.
അതേസമയം, തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മമത ബാനർജി പ്രചാരണം നയിച്ചത്. ഇത്തവണ സ്വന്തം തട്ടകമായ ഭവാനിപൂരിൽ നിന്നാണ് മമത ജനവിധി തേടുന്നത്.
വനിതാ സംവരണ ബിൽ പരാജയപ്പെട്ടത് ആയുധമാക്കിയാണ് ബിജെപിയുടെ നീക്കം. സിപിഐഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയും കോൺഗ്രസും യുവ സ്ഥാനാർഥികളെ മുൻനിർത്തിയാണ് പോരാട്ടത്തിനിറങ്ങുന്നത്.
















