തൃശ്ശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തുവയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ ശുഭകരമായ മാറ്റം. അങ്കമാലി അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടി മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. നില മെച്ചപ്പെട്ട സാഹചര്യത്തിൽ അനോഷിനെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും.
കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അൽജോയ്ക്കും അനോഷിനുമാണ് കിടപ്പുമുറിയിൽ വെച്ച് പാമ്പുകടിയേറ്റത്. തലയിണയ്ക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പ് ഉറക്കത്തിനിടെ കുട്ടികളെ കടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടു വയസ്സുകാരനായ അൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന വീട്ടിൽ ഇന്നലെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ കർശനമാക്കി.പാമ്പുകളെ തുരത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിന് ചുറ്റും നിയന്ത്രിത രീതിയിൽ തീയിട്ടു. പാമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കാനാണ് ഈ നടപടി. പ്രദേശം നിലവിൽ വനംവകുപ്പിന്റെയും നാട്ടുകാരുടെയും കർശന നിരീക്ഷണത്തിലാണ്.
















