തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി.ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ഒരു മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. വെടിയുണ്ടകളുടെ ബാച്ച് നമ്പറും മറ്റ് വിവരങ്ങളും ശേഖരിച്ച് അവ ആർക്ക് അനുവദിച്ചതാണെന്ന് കണ്ടെത്താനാണ് പോലീസിന്റെ നീക്കം.
















