പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതിയെന്ന വാർത്ത നാടിന് ആശ്വാസമേകുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അനോഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. കുട്ടി ഇപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ അറിയിച്ചു.
വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ ആൽജോയെയും ജ്യേഷ്ഠൻ അനോഷിനെയും മാരക വിഷമുള്ള ശങ്കുവരയൻ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.ആൽജോയുടെ വേർപാട് നൽകിയ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ നില മെച്ചപ്പെടുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
എന്നാൽ, ഈ ആശ്വാസത്തിനിടയിലും ഇന്നലെ കുട്ടികളെ പാമ്പ് കടിച്ച അതേ കിടപ്പുമുറിയിൽ തന്നെ ഇന്നലെ വീണ്ടും മറ്റൊരു പാമ്പിനെ കണ്ടെത്തി. ആദ്യമുണ്ടായ അതേ വർഗ്ഗത്തിൽപ്പെട്ട ‘ശങ്കുവരയൻ’ പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നെങ്കിലും, ഒരേ സ്ഥലത്ത് വീണ്ടും വിഷപ്പാമ്പിന്റെ സാന്നിധ്യം കണ്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
















