അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.സംസ്ഥാന സർക്കാരും ദേശീയ അധ്യാപക പരിഷത്തും ഉൾപ്പെടെ 45 കക്ഷികളാണ് വിധിയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ചേംബറിലുള്ള പരിശോധനയ്ക്ക് പകരം തുറന്ന കോടതിയിൽ വിശദമായ വാദം കേൾക്കണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അധ്യാപക മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഒന്നാണ് സുപ്രീം കോടതിയുടെ മുൻ ഉത്തരവ്. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ടെറ്റ് പാസാകാത്ത ഏതാണ്ട് അരലക്ഷത്തോളം അധ്യാപകരുടെ ജോലിയെയും ഭാവിയിലെ പ്രൊമോഷനെയും ഈ വിധി നേരിട്ട് ബാധിക്കും. വിധി നിലവിൽ വന്നാൽ, സർവീസിലുള്ള ഇവർ വീണ്ടും യോഗ്യതാ പരീക്ഷ പാസായാൽ മാത്രമേ ജോലിയിൽ തുടരാൻ സാധിക്കൂ എന്ന സാഹചര്യം വരും. ഇതോടെയാണ് നിയമപോരാട്ടം ശക്തമായത്.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നാണ് സംസ്ഥാന സർക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇവർക്ക് വിരമിക്കുന്നത് വരെ സർവീസിൽ തുടരാൻ അനുമതി നൽകണമെന്നും ജനുവരിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ വിവിധ അധ്യാപക സംഘടനകളും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചു. പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്നവരെ പുതിയൊരു പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ, കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന പ്രത്യേക പരീക്ഷയാണ് ടെറ്റ് എന്ന നിലപാടാണ് സുപ്രീം കോടതി നേരത്തെ സ്വീകരിച്ചിരുന്നത്. സ്കൂൾ അധ്യാപകരാകാൻ ഈ അടിസ്ഥാന യോഗ്യത എല്ലാവർക്കും നിർബന്ധമാണെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.
















