തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. നെയ്യാറ്റിൻകര സ്വദേശിനി അൽമയാണ് (33) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.ദീർഘനാളായി ഇരുവരും തമ്മിൽ നിലനിന്നിരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കുതർക്കം മൂർച്ഛിച്ചതോടെ വിഷ്ണു കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അൽമയെ അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
അൽമയുടെ മരണം ഉറപ്പാക്കിയ ശേഷം വിഷ്ണു നേരെ പോയത് അയൽവീട്ടിലേക്കായിരുന്നു. താൻ ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ തന്നെ അയൽക്കാരോട് വെളിപ്പെടുത്തി. തുടർന്ന് അയൽവാസികൾ ഉടൻ തന്നെ നെയ്യാറ്റിൻകര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.
















