പ്രമുഖ സംവിധായകൻ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഉയിർ’ എന്ന് നാമകരണം ചെയ്തു. ചിത്രത്തിന്റെ ആകാംക്ഷ ജനിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്കും ഏപ്രിൽ 26 ഞായറാഴ്ചയാണ് പുറത്തുവിട്ടത്. യുവനടൻ റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇമോഷണൽ ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്.
റോഷൻ മാത്യുവിന്റെ വലിയ ക്ലോസപ്പ് ലുക്കിനൊപ്പം ബൈജു സന്തോഷ്, ശ്രുതി മേനോൻ എന്നിവരും പോസ്റ്ററിലുണ്ട്. പശ്ചാത്തലത്തിൽ വിശാലമായ റോഡിലൂടെ പാഞ്ഞുവരുന്ന ബൈക്കുകളും പോസ്റ്ററിൽ കാണാം. പ്രേക്ഷകരിൽ വലിയ കൗതുകവും ഉത്കണ്ഠയും ജനിപ്പിക്കുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇൻസ്പെക്ടർ അൻഷാദിന്റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ കെ. മേനോനാണ്.
ശ്രുതി മേനോൻ നായികയാകുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം തമിഴ്, മലയാളം താരങ്ങളായ ഹരീഷ്, വിനോദ് സാഗർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡ് താരങ്ങളായ സെയ്യാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും മാസ്റ്റർ ആര്യൻ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും അഭിനയിക്കുന്നു.
ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് ഈണം പകരുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാമാണ്. സാബുറാം (കലാസംവിധാനം), പി.വി. ശങ്കർ (മേക്കപ്പ്), അയിഷ സഫീർ സേട്ട് (കോസ്റ്റ്യൂം ഡിസൈൻ) എന്നിവരും ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു.
കെ.ജെ. വിനയനാണ് ചിത്രത്തിന്റെ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. പ്രവീൺ ബി. മേനോൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ‘ഉയിർ’ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
















