കാസർഗോഡ് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. എളേരിത്തട്ട് സ്വദേശി ഋതുചന്ദ്രയ്ക്കാണ് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഋതുചന്ദ്ര കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കളിപ്പാട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പാമ്പ് കുട്ടിയുടെ കയ്യിൽ കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാർ ഉടൻ തന്നെ പ്രാഥമിക ചികിത്സകൾ നൽകുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
















