പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ടുള്ള വെല്ലുവിളിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ബംഗാളിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും അധികാരം നിലനിർത്തിയാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ നരേന്ദ്ര മോദിക്ക് ചങ്കൂറ്റമുണ്ടോ എന്നാണ് തൃണമൂൽ എംപി ഡെറക് ഒബ്രിയാൻ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ കടന്നാക്രമണം.
ബംഗാളിലെ 294 സീറ്റുകളിലും പ്രധാനമന്ത്രി തന്നെയാണ് സ്ഥാനാർത്ഥിയെന്ന മട്ടിലുള്ള ബിജെപിയുടെ പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ഒബ്രിയാന്റെ വാക്കുകൾ. “നരേന്ദ്ര, ബംഗാളിലെ എല്ലാ സീറ്റുകളിലും താങ്കളാണ് സ്ഥാനാർത്ഥി എന്ന് താങ്കൾ പ്രഖ്യാപിച്ചുവല്ലോ. എങ്കിൽ ഈ പൊങ്ങച്ചം പറച്ചിൽ നിർത്തി വെല്ലുവിളി സ്വീകരിക്കൂ,” എന്ന് അദ്ദേഹം വീഡിയോയിൽ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് നാലിന് തൃണമൂൽ കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണോ എന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉയർത്തുന്നത്.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കരുത്തിനെ മമത ബാനർജി എന്ന ഒറ്റയാൻ നേരിടുന്ന ബംഗാൾ രാഷ്ട്രീയത്തിൽ, ഡെറക് ഒബ്രിയാന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വെല്ലുവിളിയുടെ അവസാനം “താങ്കൾക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ?” എന്ന് ആവർത്തിച്ചു ചോദിച്ചുകൊണ്ട് ബിജെപി നേതൃത്വത്തെ അദ്ദേഹം പ്രതിരോധത്തിലാക്കി.
















