തമിഴ്‌നാട് മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി മദ്രാസ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിൽ നടന്ന 397 കോടി രൂപയുടെ ട്രാൻസ്‌ഫോർമർ അഴിമതി കേസ് സിബിഐയ്ക്ക് വിടാൻ കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്വേഷണ ചുമതല കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
ഡിഎംകെ ഭരണകാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന സെന്തിൽ ബാലാജി, 45,000 ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചതിൽ വൻ ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങിയതിലൂടെയും ലേല നടപടികളിലെ അപാകതകളിലൂടെയും സർക്കാരിന് 397 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ‘അരപ്പൂർ ഇയക്കം’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാന വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കകം കേസ് ഡയറികളും അനുബന്ധ രേഖകളും സിബിഐയ്ക്ക് കൈമാറാൻ വിജിലൻസിന് കോടതി കർശന നിർദ്ദേശം നൽകി.അന്വേഷണവുമായി സംസ്ഥാന സർക്കാർ പൂർണ്ണമായും സഹകരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു.
















