പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പന്‍. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടര്‍ന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപിച്ചു. സെന്ററിന്റെ ട്രസ്റ്റി എന്ന നിലയിലായിരുന്നു കോടതികളിലെ നിയമ പോരാട്ടം. നിരവധി വിഷയങ്ങളില്‍ ഡിജോ കാപ്പന്‍ കോടതി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. വൈദ്യുത നിരക്ക് വര്‍ധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയര്‍ത്തുന്ന ഭീഷണികള്‍, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോര്‍ഡും യോഗങ്ങളും, റെയില്‍വേ നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ സാധ്യമാക്കിയത് ഡിജോയുടെ ഹര്‍ജികളാണ്.
മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കെഎസ്സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന്‍ 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പാലാ ഇടമറ്റം കാപ്പില്‍ കുടുംബത്തില്‍ പരേതനായ കെ.സി.ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായാണു ജനനം. പാലാ സെന്റ് തോമസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, പഠിച്ച 3 കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍, സെനറ്റ് എന്നിവയിലും അംഗമായി.
കെഎസ്സി സംസ്ഥാന പ്രസിഡന്റ് (1983), യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി (1985), യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് (1989), കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി (1991), കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍, കേരള വോളിബോള്‍ അസോ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
















