തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു.
#ThalapathyVijay relative house starts celebrations 🥳🥳🎉🎉🎉🎉 resounding 100+ seats lead thus far pic.twitter.com/MxLNtnWmLv
— Movies Singapore (@MoviesSingapore) May 4, 2026
വിജയ്‌യുടെ കുടുംബാംഗങ്ങളും സന്തോഷാതിരേകത്തിൽ നൃത്തം ചവിട്ടുകയാണ്. ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ വൈറലായി കഴിഞ്ഞു. വിജയ്‍യുടെ അച്ഛൻ ചന്ദ്രശേഖറെ േചർത്തുപിടിക്കുന്ന ബന്ധുക്കളെ വിഡിയോയിൽ കാണാം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ നടന്റെ രാഷ്ട്രീയ പ്രവേശനത്തിലെ ഈ വലിയ നേട്ടത്തെ വരവേൽക്കുന്നത്.
ദശാബ്ദങ്ങളായി തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ടി.വി.കെ പലയിടങ്ങളിലും ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്ന വിജയ് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. കേവലം ഒരു സിനിമാതാരം എന്നതിലുപരി മികച്ചൊരു രാഷ്ട്രീയ ബദലായി വിജയ്‌യെ തമിഴ് ജനത സ്വീകരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പ്രാരംഭ വിജയങ്ങൾ.
നടന്റെ വസതിക്ക് മുന്നിൽ പുഷ്പവൃഷ്ടി നടത്തിയും പാർട്ടിയുടെ കൊടികളേന്തി നൃത്തം ചെയ്തുമാണ് പ്രവർത്തകർ ഈ നിമിഷം ആഘോഷിക്കുന്നത്. കനത്ത സുരക്ഷയാണ് ചെന്നൈ പനയൂരിലെ വിജയിന്റെ വീടിനും പരിസരത്തും പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയോടെ കൂടുതൽ ഫലങ്ങൾ പുറത്തുവരുന്നതോടെ തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ ചിത്രം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും ആരാധകരും.
തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ വ്യക്തിഗത ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് പൂച്ചെണ്ടുമായി പനയൂരിലെ വസതിയിൽ എത്തി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ടി.വി.കെ പല മണ്ഡലങ്ങളിലും ലീഡ് ഉയർത്തിയതോടെയാണ് അഭിനന്ദനങ്ങളുമായി രാധൻ പണ്ഡിറ്റ് വിജയ്‌യെ കാണാൻ എത്തിയത്. ജ്യോത്സ്യന്റെ സന്ദർശനത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വിജയിന്റെ ഈ രാഷ്ട്രീയ വിജയം നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണെന്ന അവകാശവാദവുമായി ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. പാർട്ടിയുടെ ലീഡ് നില മെച്ചപ്പെടുന്നതിനിടയിലുള്ള ഈ സന്ദർശനം പ്രവർത്തകർക്കിടയിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
















