ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരേക്കാള്‍ വലിയവര്‍ ജനങ്ങളാണ്. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ ഡി എഫും വിനയപൂര്‍വ്വം അംഗീകരിക്കുന്നു. നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എല്‍ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുന്‍വിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.
വോട്ടിംഗിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവര്‍ഷത്തെ എല്‍ ഡി എഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ആ ഗവണ്മെന്റുകളെ നയിച്ച എല്‍ ഡി എഫ് ന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോള്‍ പതിവുള്ള വിശദീകരണങ്ങള്‍ മതിയാകാതെ വരുന്നു.
ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ എല്‍ ഡി എഫ് പ്രതിജ്ഞാബദ്ധമാണ്. എക്കാലവും പാര്‍ട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം വിമര്‍ശനം നടത്തും. പാര്‍ട്ടിയെയും എല്‍ ഡി എഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാല്‍പ്പര്യങ്ങള്‍ക്കൊപ്പം കൂറോടെ നില കൊള്ളുവാന്‍ പാര്‍ട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ ഡി എഫും പരിശ്രമിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പിക്കാം. പാര്‍ട്ടിയുടെയും എല്‍ ഡി എഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച എല്ലാ സഖാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്ത ജനങ്ങള്‍ക്ക് പാര്‍ട്ടി നന്ദി രേഖപ്പെടുത്തുന്നു.
















