മധ്യപ്രദേശിലെ ഭോപ്പാലിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 75 വയസുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 3-ന് ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
പ്രതിയുടെ കൊച്ചുമകൾക്കൊപ്പം കളിക്കാൻ അവരുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ തന്ത്രപൂർവ്വം മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
വൈദ്യപരിശോധനയിൽ കുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയും വിശദമായ മൊഴി നൽകുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
















