മുന്നണി ജയിച്ചില്ലായിരുന്നെങ്കില്‍ എല്ലാം എലുപ്പമായേനെ എന്നതാണ് യു.ഡി.എപിലെ ഇപ്പോഴത്തെ അവസ്ഥ. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിനും, ഘടകകക്ഷികള്‍ ഫവയപടി പ്രതിപക്ഷ ബെഞ്ചിലും ഇരുന്ന് സമാധാനപ്പെട്ടേനെ. ഇതിപ്പോ ജയിച്ചുവെന്നു മാത്രമല്ല, ഇടതുപക്ഷത്തെ മൃഗീയമായി ചവിട്ടിയരയ്ക്കുക കൂടി ചെയ്തപ്പോള്‍ മന്ത്രിസഭയിലേക്കുള്ള അവകാശത്തിന് ആക്കം കൂടിയിട്ടുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികളുടെ ശക്തമായ നിലയിലുള്ള വിജയമാണ് ടീം യു.ഡി.എഫിനെ വിജയത്തിലേക്കു നയിച്ചത്. ഒപ്പം കോണ്‍ഗ്രസിലെ നേതാക്കളുടെ ഇടപെടലുകളും ുണ്ടായി എന്നതില്‍ തര്‍ക്കമില്ല. യു.ഡി.എഫിലെ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ധര്‍മ്മ സങ്കടത്തിലാണ്.
പുറമേ നേതാക്കളും അണികളും പാര്‍ട്ടിക്ക് അതിന്റേതായ ക്രമങ്ങളുണ്ട്, അതിനു ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നൊക്കെ പറയുന്നുണ്ടെങ്കിലും, അണിയറയില്‍ വലിയ പിടിവലി നടക്കുന്നുണ്ട്. മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ എങ്കിലും അവകാശ വാദം ഒരുപാടുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ തൊട്ട്, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ മുന്നിലുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ നിന്നും വരുന്ന പേരെന്താണ് എന്നതിലാണ് കേരളത്തിന്റെ കണ്ണ്. ജനങ്ങള്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കെ.സി വേണുഗോപാലിലേക്ക് പോവുകയാണ്. നിയുക്ത എം.എല്‍.എ മാരും കെ.സിയെയും രമേശ് ചെന്നിത്തലയേയും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഘടകകക്ഷികള്‍ സതീശനു വേണ്ടി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
ഇതിനിടയിലാണ് മന്ത്രിസ്ഥാനം വീതം വെയ്ക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മന്ത്രിസ്ഥാനം പങ്കുവെയ്ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയതെങ്കിലും ദിവസങ്ങള്‍ നീങ്ങുന്നതോടെ ഘടകകക്ഷികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. ഇതോടെ ഭരണത്തില്‍ അര്‍ഹമായ വിഹിതം തേടി ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗ് ഉറച്ചുനില്‍ക്കുകയാണ്. എന്തു കൊണ്ടും ഉപമുഖ്യമന്ത്രി പദം വരെ ചോദിക്കാന്‍ അര്‍ഹതയുള്ള പാര്‍ട്ടി കൂടിയാണ് ലീഗ്. എങ്കിലും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ലീഗ് തയ്യാറല്ല. പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിമാരില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ്.
ഇതോടെ, രണ്ടാം നിര കക്ഷികള്‍ക്കായി മന്ത്രിസ്ഥാനം വീതിച്ചുനല്‍കുന്ന ‘രണ്ടര വര്‍ഷം’ ഫോര്‍മുല യുഡിഎഫ് നേതൃത്വം സജീവമായി പരിഗണനയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നാണ് സൂചന. യു.ഡി.എഫിന്റെ വിജയത്തില്‍ സുപ്രധാന പങ്കാണ് മുസ്ലിം ലീഗ് വഹിച്ചത്. തങ്ങള്‍ക്ക് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ഉറപ്പാണ്. 22 സീറ്റുകള്‍ നേടിയ തങ്ങള്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കമാന്‍ഡ് നിരീക്ഷകരോട് ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് നിലവില്‍ മിണ്ടാതിരിക്കുന്ന ലീഗ്, അഞ്ച് മന്ത്രിമാരെന്ന ഉറച്ച നിലപാടിലൂടെ വിലപേശല്‍ ശക്തമാക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ അവരുടെ തട്ടകങ്ങളില്‍ പോലും തറപറ്റിച്ച് ഉജ്ജ്വല വിജയം നേടിയ പി.ജെ. ജോസഫ് പക്ഷം രണ്ട് മന്ത്രിസ്ഥാനങ്ങളും ലക്ഷ്യമിടുന്നുണ്ട്.
ഏഴ് സീറ്റുകള്‍ നേടി മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ തങ്ങള്‍ക്ക് രണ്ട് മന്ത്രിമാരില്ലാതെ സഭയില്‍ തുടരാനാവില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മോന്‍സ് ജോസഫിന് പുറമേ പിജെ ജോസഫിന്റെ മകന്‍ കൂടിയായ അപുവും മന്ത്രിയാകും. ചെറുകക്ഷികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ മന്ത്രിസ്ഥാനം കാലാവധി വെച്ച് വീതിച്ചുനല്‍കാനാണ് യു.ഡി.എഫിലെ ധാരണ. ഇതിന്റെ ഭാഗമായി ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധിയായ അനൂപ് ജേക്കബും, സി.എം.പിയിലെ സി.പി. ജോണും മന്ത്രിമാരാകാനാണ് സാധ്യത. അവസാന രണ്ടര വര്‍ഷം മാണി സി. കാപ്പനും (എന്‍.സി.കെ), ആര്‍.എം.പിഐയുടെ കെ.കെ. രമയും മന്ത്രിസ്ഥാനം ഏറ്റെടുക്കും.
ഒറ്റ അംഗം മാത്രമുള്ള കക്ഷികള്‍ക്കും മുന്നണി വിജയത്തില്‍ തങ്ങളുടേതായ പങ്കുണ്ടെന്ന് അവകാശപ്പെട്ട മാണി സി. കാപ്പനും മറ്റും തുടക്കം മുതല്‍ മന്ത്രിസ്ഥാനത്തിനായി വാദിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന കാലതാമസത്തില്‍ ഘടകകക്ഷികള്‍ ഇതിനോടകം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണത്തില്‍ വകുപ്പുകള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായാല്‍ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കാന്‍ സാധിക്കൂ. കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള പോര് ഭരണത്തിന്റെ വേഗത കുറയ്ക്കരുതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഒരുപോലെ ആവശ്യപ്പെടുന്നത്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദ മോഹവുമായി സജീവമായി രംഗത്തുണ്ട്.
ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ഘടകകക്ഷികളുടെ മന്ത്രിമാരുടെ പട്ടികയും പുറത്തുവരുമെന്നാണ് സൂചന. ഞായറാഴ്ചയോടെ ഡല്‍ഹിയില്‍ നിന്നുള്ള ചിത്രം തെളിയുന്നതോടെ കേരളത്തിലെ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമ രൂപമാകും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എത്തിയപ്പോഴും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തില്‍ തങ്ങളുടെ വോട്ട് ബാങ്ക് വലിയ പങ്കുവഹിച്ചുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന കാലതാമസത്തില്‍ ഘടകകക്ഷി നേതാക്കള്‍ ഇതിനോടകം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
















