മൂന്നര പതിറ്റാണ്ടു കാലം ഇന്ത്യന്‍ കമ്യൂണസിറ്റ് പ്രസ്ഥാനത്തിന്റെ കോട്ടയായി നിലനിന്ന പശ്ചിമ ബംഗാളിനെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കുമ്പോള്‍ ബി.ജെ.പി എന്ന ദേശീയ പാര്‍ട്ടിയെ കുറിച്ച് അദികമൊന്നും കേട്ടിരുന്നില്ല. എന്നാല്‍, 2026 ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ തൃണമൂലും മമതയും അടിയറവു പറഞ്ഞു. ബി.ജെ.പി പശ്ചിമ ബംഗാള്‍ പിടിച്ചടക്കി. സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബി.ജെ.പിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയോ, അനുവദിക്കുകയോ ചെയ്യാത്ത ഒരു സംസ്ഥാനത്തില്‍ ഇന്ന് അധികാരം പിടിച്ചടക്കണണെങ്കില്‍, അതിനു പിന്നില്‍ പണിയെടുത്ത നേതാക്കളെ ഓര്‍ത്തേ മതിയാകൂ എന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം പറയുന്നത്. അതില്‍ പ്രധാനപ്പെട്ട വ്യക്തി കൂടിയാണ് മാഖന്‍ലാല്‍ സര്‍ക്കാര്‍.
ഒരു ബി.ജെ.പി പ്രവര്‍ത്തകന് എന്തിനാണ് ഇത്രയും പ്രാധാന്യം നല്‍കുന്നതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. കമ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയ പെണ്‍പുലിയെ പിടിച്ചു കെട്ടാന്‍ കാലങ്ങളോളം ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ പശ്ചിമബംഗാളില്‍ ചുക്കാന്‍ പിടിച്ച ബി.ജെ.പി നേതാവാണ് മാഖന്‍ലാല്‍ സര്‍ക്കാര്‍. അതുകൊണ്ടാണ് പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര സംഭവമായത് സുവേന്ദു അധികാരിയുടെ സ്ഥാനാരോഹണം കൊണ്ട് മാത്രമല്ല, വേദിയില്‍ കണ്ട വൈകാരികമായ ഒരു കൂടിക്കാഴ്ച കൊണ്ട് കൂടിയായത്. അത് മറ്റാരുമല്ല, അത് 90 വയസ്സെത്തിയ മാഖന്‍ലാല്‍ സര്‍ക്കാരിന്റെ സാന്നിധ്യം മാത്രമാണ്.
പശ്ചിമബംഗാളിന്റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേല്‍ക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലുണ്ടായിരുന്ന മാഖന്‍ലാല്‍ സര്‍ക്കാരിന്റെ പാദങ്ങള്‍ തൊട്ട് വണങ്ങി അനുഗ്രഹം തേടി. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ കണ്ടുനിന്നവരെല്ലാം അത്ഭുതപ്പെട്ടു. ചില പ്രവര്‍ത്തകര്‍ കരഞ്ഞു. ചിലര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചു. അതാണ് പശ്ചിമ ബംഗാള്‍ ബി.ജെ.പി ഘടകത്തിലെ മാഖന്‍ലാല്‍ എന്ന രാഷ്ട്രീയക്കാരന്റെ വില.
- ആരാണ് മാഖന്‍ലാല്‍ സര്‍ക്കാര്‍ ?
ബംഗാളിലെ ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് 97-കാരനായ മാഖന്‍ലാല്‍ സര്‍ക്കാര്‍. സിലിഗുരി സ്വദേശിയായ അദ്ദേഹം ജനസംഘം കാലം തൊട്ടേ പാര്‍ട്ടിയുടെ നെടുംതൂണാണ്. ബിജെപിയുടെ ആദര്‍ശപുരുഷനായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അടുത്ത അനുയായി ആയാണ് മാഖന്‍ലാല്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്ന ആശയപരമായും രാഷ്ട്രീയ പരമായും സൈനിക പരമായുമുള്ള സംഘട്ടനം നടക്കു കാലം. 1952ല്‍ കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള പോരാട്ടത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്കൊപ്പം മാഖന്‍ലാല്‍ സര്‍ക്കാരും പങ്കെടുത്തിരുന്നു.
ആ സമരത്തിനിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിക്കാന്‍ കോടതി മാഖന്‍ലാലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, മാപ്പപേക്ഷിക്കാന്‍ മാഖന്‍ലാല്‍ തയ്യാറായില്ല. പകരം കോടതിമുറിയില്‍ വെച്ച് ദേശഭക്തി ഗാനം ഉച്ചത്തില്‍ ആലപിക്കുകയായിരുന്നു. കോടതി മുറിയില്‍ എല്ലാവരും നിശബ്ദം കേട്ടിരുന്നു. മാഖന്‍ലാലിന്റെ ദേശഭക്തിയില്‍ ജഡ്ജിപോലും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ധീരതയില്‍ ആകൃഷ്ടനായ ജഡ്ജി, മാഖന്‍ലാലിന് നാട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റും 100 രൂപയും നല്‍കിയാണ് യാത്രയാക്കിയത്.
പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍, ആ വിജയത്തിന്റെ സാക്ഷിയാകാന്‍ മാഖന്‍ലാല്‍ സര്‍ക്കാര്‍ വേദിയിലുണ്ടാവണമെന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. 1980ല്‍ ബി.ജെ.പി രൂപീകരിച്ചപ്പോള്‍ പശ്ചിമ ദിനാജ്പൂര്‍, ജല്‍പായ്ഗുരി, ഡാര്‍ജിലിംഗ് ജില്ലകളുടെ ഓര്‍ഗനൈസേഷണല്‍ കോര്‍ഡിനേറ്ററായി അദ്ദേഹം ചുമതലയേറ്റു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ബംഗാളിലെ പഴയകാല പോരാട്ടങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായാണ് ബി.ജെ.പി ഇദ്ദേഹത്തെ കാണുന്നത്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ പണിത പഴയ തലമുറയോടുള്ള ആദരസൂചകമായാണ് മോദി മാഖന്‍ലാലിന്റെ പാദങ്ങളില്‍ പ്രണമിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍, പൂര്‍വ്വ നേതാക്കള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയും നിഷ്‌ക്കര്‍ഷിച്ചിരുന്നു. ബംഗാളില്‍ ബി.ജെ.പി നേടിയ 207 സീറ്റുകളുടെ തിളക്കത്തേക്കാള്‍, മാഖന്‍ലാലിനെ പോലുള്ളവരുടെ ത്യാഗമാണ് പാര്‍ട്ടിയെ ഇവിടം വരെ എത്തിച്ചതെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞതും ശ്രദ്ധേയമായി.
സുവേന്ദു അധികാരിയും മാഖന്‍ലാലിന്റെ അനുഗ്രഹം തേടി. ബംഗാളിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തികളിലൊന്നായി മാഖന്‍ലാല്‍ സര്‍ക്കാരിന്റെ പേരും ഇനി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പുതിയ ഗവണ്‍മെന്റ് ‘സോനാര്‍ ബംഗ്ലാ’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പഴയ പോരാളികള്‍ക്കുള്ള ഏറ്റവും വലിയ സമ്മാനമായി ഈ വിജയം മാറുകയാണ്.
















