പതിമൂന്ന് വയസ്സുകാരിയെ സോഷ്യൽ മീഡിയ വഴി പ്രലോഭിപ്പിക്കുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്മെയ്‌ലിംഗിന് ഇരയാക്കുകയും ചെയ്ത പ്രതിയെ റാന്നി പോലീസ് പിടികൂടി. വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) ആണ് അറസ്റ്റിലായത്.
2025 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. മറ്റൊരു യുവാവിന്റെ ആകർഷകമായ ചിത്രങ്ങളും റീലുകളും പ്രൊഫൈലിൽ നൽകി വ്യാജ ഐഡി നിർമ്മിച്ചാണ് ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത്. തുടർന്ന് പെൺകുട്ടിയുടെ അർധനഗ്നചിത്രങ്ങൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, പെൺകുട്ടിയുടെ ഫോട്ടോ തന്നെ പ്രൊഫൈൽ ചിത്രമാക്കി പുതിയ അക്കൗണ്ട് തുടങ്ങി പ്രതി വീണ്ടും ഭീഷണി തുടർന്നു.
പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിലാണ് ഇടുക്കിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാളെ പോലീസ് കുടുക്കിയത്.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ധാരാളം പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
















