തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്. ചർച്ചയിലെ വിമർശനത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി ഉണ്ടായില്ല. ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പിൽ ഉണ്ടായത്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിരോധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലന്നും വിമർശനം. ടികെ ഗോവിന്ദൻ ആയിരുന്നു തളിപ്പറമ്പിൽ അട്ടിമറി വിജയം നേടിയത്. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയിൽ സിപിഐഎമ്മിന് വിജയിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്തെത്തിയ മുൻ കണ്ണൂർ ജില്ല കമ്മറ്റി അംഗമായ ടികെ ഗോവിന്ദൻ പാർട്ടിക്കെതിരെ മത്സരിക്കുകയായിരുന്നു.
വോട്ടെണ്ണലിൽ ആധിപത്യം പുലർത്തിയാണ് ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ അട്ടിമറി വിജയം നേടിയത്. 90.353 വോട്ടാണ് ടി കെ ഗോവിന്ദൻ സ്വന്തമാക്കിയത്. ഇതോടെ 12,627 വോട്ടിൻറെ വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. 77,726 വോട്ടുകൾ മാത്രമാണ് പി കെ ശ്യാമളയ്ക്ക് ലഭിച്ചത്. ബന്ധുത്വം പരിഗണിച്ചല്ല പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഐഎം പ്രതിരോധിച്ചതെങ്കിലും പാർട്ടി കോട്ട ഇളുന്നതാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിനം കാണാൻ കഴിഞ്ഞത്.
Story Highlights : CPM state committee criticizes PK Shyamala candidateship at Taliparamba
















