കോഴിക്കോട് മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. 13.56 ഗ്രാം എം.ഡി.എം.എയുമായി തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണ് സംഭവത്തിൽ പിടിയിലായത്.
വടകര ഡാൻസാഫ് സ്ക്വാഡും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ടി. ഫറാഷിന് ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒൻപത് മണിയോടെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയും പ്രതിയുടെ പേഴ്സിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു.
പിടിയിലായ മുഹമ്മദ് ഇർഫാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം മയക്കുമരുന്ന് കടത്തിയതിന് മൂന്ന് തവണയാണ് ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുള്ളത്.
















