കേരള നിയമസഭയിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ പുനർചിന്തയുടെ ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനത്തിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന രൂക്ഷവിമർശനങ്ങൾക്കുള്ള മറുപടിയായാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. വർഷങ്ങൾക്ക് ശേഷം പാർട്ടി ഘടകങ്ങളിൽ പിണറായിയുടെ ശൈലിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് സി.പി.എമ്മിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽ നിന്ന് പോലും വിമർശനമുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലും പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം ന്യായീകരിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ഗൗരവമായി ചർച്ച ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിൽ പി.ബിയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. കേന്ദ്രകമ്മിറ്റിയിൽ ചില അംഗങ്ങൾ ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.
















