മലപ്പുറം തിരൂരില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഫ്‌ളക്‌സ്. സേവ് സിപിഐഎം എന്ന പേരിലാണ് ഫ്‌ളക്‌സ്. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കി എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഫ്‌ളക്‌സിലുള്ളത്. എസ്ഡിപിഐ നേതാവിനൊപ്പം എ വിജയരാഘവന്‍ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളക്‌സ്. വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന വിജയരാഘവനോട് കടക്ക് പുറത്തെന്ന് പറയണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടാണ് തിരൂര്‍ ജംഗ്ഷനില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്‌ഐ തൃക്കണ്ടിയൂര്‍ വില്ലേജിന്റെ മുന്‍ സെക്രട്ടറിയായിരുന്ന കുന്നത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിവരം. വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന വിജയരാഘവന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും ജില്ലയിലെ പല പരാജയങ്ങള്‍ക്കും വിജയരാഘവന്‍ കാരണമാണെന്നും ഷൗക്കത്തലി ട്വന്റിഫോറിലൂടെ വിമര്‍ശിച്ചിരുന്നു.
അതേസമയം എസ്ഡിപിഐ നേതാവിനൊപ്പം വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജയരാഘവന്‍. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ഈ സംഭവത്തില്‍ പരിഹാസത്തോടെയാണ് എ വിജയരാഘവന്‍ തിരിച്ചടിച്ചത്. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ ആരായാലും പോകുമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണം എവിടുന്നായാലും കഴിക്കണം. കഴിക്കുമ്പോള്‍ നല്ല ഭക്ഷണം കഴിക്കണം. ഉച്ഛിഷ്ടം ഭക്ഷിക്കരുത്. ഭക്ഷണം കഴിച്ചതിനെയൊക്കെ തെറ്റായി ഉപയോഗിക്കുന്നത് ഹീനമായ വര്‍ഗീയബോധമുള്ളവരാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇത് നാളെ വിവാദമാകുമോ എന്നൊന്നും ഓര്‍ത്തുകൊണ്ടിരിക്കാതെയാണ് താന്‍ ഭക്ഷണം കഴിച്ചതെന്നും വിജയരാഘവന്‍ കഴിഞ്ഞ ദിവസം തിരിച്ചടിച്ചിരുന്നു.
Story Highlights : save cpim flex board against a vijayaraghavan
















