ന്യൂഡൽഹി: ചൈനയും പാകിസ്താനും ഉൾപ്പെടെ അതിർത്തി മേഖലകളിൽ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വ്യോമസേനയുടെ ശേഷി ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ വലിയ പ്രതിരോധ പദ്ധതിയിലേക്ക് കടക്കുന്നു. ഫ്രാൻസിൽ നിന്നു 114 അത്യാധുനിക റഫാൽ (Rafale) യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള ഔദ്യോഗിക അപേക്ഷ (LoR) അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാർ, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നാകുമെന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ചകളിൽ ഈ അപേക്ഷ ഫ്രാൻസിന് കൈമാറും. തുടർന്ന് വാണിജ്യ ചർച്ചകൾ പൂർത്തിയാക്കി ഈ വർഷം അവസാനം കരാർ ഒപ്പിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കരാർ പ്രക്രിയയുടെ ഭാഗമായി അടുത്ത മാസം ആദ്യം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഫ്രാൻസ് സന്ദർശിക്കും. പിന്നാലെ ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും.
‘ആത്മനിർഭർ ഭാരത്’ നയത്തിന് ശക്തി പകരുന്ന തരത്തിലാണ് പുതിയ കരാർ രൂപപ്പെടുന്നത്. വാങ്ങുന്ന 114 വിമാനങ്ങളിൽ 90 എണ്ണം ഫ്രഞ്ച് കമ്പനി ദസ്സോ ഏവിയേഷന്റെ (Dassault Aviation) സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ബാക്കിയുള്ള 24 വിമാനങ്ങൾ മാത്രമേ നേരിട്ട് ഫ്രാൻസിൽ നിന്നെത്തൂ. കുറഞ്ഞത് 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതിക ഘടകങ്ങൾ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും ഇന്ത്യ മുന്നോട്ടുവെക്കുന്നു.
















