ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിം ശൃംഖലയുമായും പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായും ബന്ധപ്പെട്ട ഒരു പ്രധാന ഭീകര മൊഡ്യൂൾ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ശനിയാഴ്ച കണ്ടെത്തി. ദേശീയ തലസ്ഥാനത്തെ നിർണായക സ്ഥാപനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, മതസ്ഥലങ്ങൾ എന്നിവയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന 9 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു.
ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പറയുന്നു. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
















