തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാൻ തൃശൂർ വാഴച്ചാലിൽ എത്തിയ വനം വകുപ്പ് മന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ് കാട്ടാന. വാഴച്ചാലിനടുത്ത് ചാർപ്പയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വാഹനത്തിന് വഴിമുടക്കിയാണ് കാട്ടാന നിന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ആനയെ തുരത്തുകയും. മന്ത്രിയുടെ യാത്ര പുനരാരംഭിക്കുകയും ചെയ്തു. അതേസമയം അതിരപ്പിള്ളി വൈശേരിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്‍റെ വീട് മന്ത്രി സന്ദർശിച്ചു. ജനവാസമേഖലയിൽ കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ നടപടികൾ എടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.
അതിരപ്പിള്ളി വൈശേരിയിലാണ് സംസ്ഥാനത്ത് ഒടുവിൽ കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച പുലർച്ചെ 2.൩൦ ആയിരുന്നു സംഭവം. വൈശേരി സ്വദേശിയായ മോഹനൻ ആണ് (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ മോഹനന്റെ വീട്ടുപറമ്പിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. ഇതുകണ്ട് ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ കാട്ടാന മോഹനന് നേരെ പാഞ്ഞടുക്കുകയും ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ മോഹനനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മോഹനന്റെ വീട്ടുവളപ്പിൽ നേരത്തെയും കാട്ടാനയെത്തുകയും കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു.















