തമിഴ് നാടിന്റെ ബി.ജെ.പി മുഖമായിരുന്നു അണ്ണാമലൈ. അദ്ദേഹം ബി.ജെ.പി വിട്ടു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയമാണ് അദ്ദേഹം പിന്നെ എങ്ങോട്ടാണ് എന്ന്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ എന്തായാലും ഉദ്ദേശമുണ്ടാകില്ല. കാരണം, സിവില്‍ സര്‍വീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ രാ,്ട്രീയത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍, ഇറങ്ങിയ രാഷ്ട്രീയം വേണ്ടെന്നു വെയ്ക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്, ആ രാഷ്ട്രീയത്തിന് എന്തോ പ്രശ്‌നമുണ്ടെന്നാണ്. അല്ലെങ്കില്‍ അണ്ണാമലൈ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ എന്താണോ ഉദ്ദേശിച്ചിരുന്നത്, അത് സഫലമായില്ല എന്നാണ്.
ഇതാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക വിരാമമിട്ട് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിക്കുമ്പോള്‍ അറിയാന്‍ കഴിയുന്നത്. ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്വീകരിച്ചതായി പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.
നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നപ്പോള്‍ ബിജെപിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നാലു സീറ്റുകളില്‍ നിന്ന് ഇത്തവണ കേവലം ഒരു സീറ്റിലേക്ക് പാര്‍ട്ടി ചുരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ അണ്ണാമലൈ ഇടംപിടിക്കാതിരുന്നതു മുതല്‍ പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം അകല്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡല്‍ഹിയിലെത്തി മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ബി.ജെ.പി വിട്ടതോടെ അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ചര്‍ച്ചകള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. പുതിയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ‘ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനുള്ളില്‍ അറിയാമെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അണ്ണാമലൈ, തൊട്ടടുത്ത വര്‍ഷം തന്നെ തമിഴ്നാട് ബി.ജെ.പിയുടെ അധ്യക്ഷനായി ചുമതലയേറ്റിരുന്നു.
തമിഴ് രാഷ്ട്രീയവും പ്രവര്‍ത്തനവും ഇപ്പോഴും സിനിമാ മേഖലയുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നതു കണ്ടു തന്നെ പ്രാദേശിക രാഷ്ട്രീയമായി അതിന് വളറെ ഏറെ ബന്ധമുണ്ട്. അതുകൊണ്ട് മുന്നണി രാഷ്ട്രീയമോ, പരമ്പരാഗത രാഷ്ട്രീയമോ തമിഴ്‌നാട്ടില്‍ വേരോടില്ല. അഥവാ ഓടുമെങ്കില്‍ അത് പ്രാദേശിക രാഷ്ട്രീയത്തിന്റെ പിന്നാലെ ആയിരിക്കുമെന്നതാണ് വസ്തുത. വിജയ് അത് തെളിയിച്ചു കഴിഞ്ഞു. ഇത്കൂടി മനസ്സിലാക്കിയാകും അണ്ണാമലൈ ബി.ജെ.പിയില്‍ നിന്നും രാജി വെച്ചതെന്നാണ് സൂചന.
















