Explainers

വി.എസിനെ പാര്‍ട്ടിയില്‍ കൊല്ലാക്കൊല ചെയ്തതാര് ?: ആദ്യം തോല്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി; പിന്നെ മുഖ്യമന്ത്രിയായ വി.എസിനെ ഇല്ലാതാക്കാന്‍ നീക്കം നടത്തി; സുരേഷ് കുമാര്‍ തുറന്നു വിട്ട ഭൂതം CPM ന് വിനയാകുമോ ?

ജീവിച്ചിരിക്കുന്ന വിപ്ലവകാരികളേക്കാള്‍ അപകടകാരിയാണ് രക്ത സാക്ഷികള്‍ എന്നൊരു മുദ്രാവാക്യമുണ്ട്. അതുപോലെയാണ് വി.എസ്. അച്യുതാനന്ദനെന്ന സി.പി.എം സ്ഥാപകന്റെ ഓര്‍മ്മകളും. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആയതല്ല, ഉള്‍പാര്‍ട്ടീ പീഢനത്തിന്റെ രക്തസാക്ഷിയാണ് വി.എസ്. തന്റെ അവസനാ നാളുകളില്‍ പാര്‍ട്ടീ വിരുദ്ധനാകാതിരിക്കാന്‍, പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകാതിരിക്കാന്‍ നിര്‍ബന്ധിത നിശബ്ദത പാലിക്കേണ്ടി വന്ന സഖാവാണ്. അല്ലെങ്കില്‍ വി.എസ് പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഒരുവേള അദ്ദേഹം പാര്‍ട്ടിക്കു പുറത്തു പോകുമോ എന്നുപോലും സംശയിച്ചിരുന്നു.

എന്നിട്ടും, അദ്ദേഹം പിടിച്ചു നിന്നത്, മരിക്കുമ്പോള്‍ ചെങ്കൊടി പുതച്ച്  വലിയ ചുടുകാട്ടിലേക്കു പോകാന്‍ തന്നെയായിരുന്നു. കാരണം, അദ്ദേഹം കൂടി ചേര്‍ന്നു നിന്ന് പടുത്തുയര്‍ത്തിയ പ്രസ്ഥാനമായതു കൊണ്ടു കൂടിയാണത്. പലപ്പോഴും പലവട്ടം അത് പാര്‍ട്ടി അണികളെപ്പോലും ഓര്‍മ്മപ്പെടുത്തേണ്ട അവസ്ഥ ുണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു ഓര്‍മ്മപ്പെടുത്തലാണ് കെ. സുരേഷ് കുമാറിന്റെ പുതിയ പുസ്തകത്തിലെ ഏടുകള്‍. ഇന്ന് അത് പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. അതില്‍ അദ്ദേഹം വി.എസ്. അച്യുതാനന്ദനെന്ന ജനകീയനും, കര്‍മ്മ നിരതനുമായ മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്തതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. വി.എസ്. തന്നോടു പറഞ്ഞിരുന്ന പാര്‍ട്ടിയിലെ രഹസ്യങ്ങളും, പാര്‍ട്ടിക്കാരായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ  ശേഷം  ഫയലുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് കൊണ്ടു പോയതും കൃത്യമായും ശക്തമായും എഴുതിയിട്ടുണ്ട്.

മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടി വരിഞ്ഞുമുറുക്കിയിരുന്നു. മുഖ്യമന്ത്രി കാണുന്നതിനു മുന്‍പ് ഫയലുകള്‍ എ.കെ.ജി സെന്ററിലേക്കു കൊണ്ടുപോയിരുന്നു. വിഎസ് മുഖ്യമന്ത്രിയായി വരുമ്പോള്‍ മൂന്നു മാസം പോലും തികയ്ക്കില്ലെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടല്‍. അതിനുള്ള ഏര്‍പ്പാടുകള്‍ അവര്‍ ചെയ്തിരുന്നു. ‘വിഎസിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന പുസ്തകത്തില്‍ കെ. സുരേഷ്‌കുമാര്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. കൂടാതെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം പ്രകാശനത്തിനു തൊട്ടു മുമ്പ് മാധ്യമങ്ങളോടും സുരേഷ് കുമാര്‍ പറയുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍, മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്ക്കു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്ന സമുന്നതരുടെ നിരതന്നെ പിണറായി വിരുദ്ധരോ, പിണറായിയാല്‍ ഉപദ്രവിക്കപ്പെട്ടവരോ ആണ് എന്നതും പ്രത്യേകതയാണ്.

പാര്‍ട്ടി നിയോഗിച്ചിരുന്ന ആളുകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിച്ചിരുന്നതെന്നും അതു മടുത്തിട്ടാണ് വിഎസ് തന്നെ ഓഫിസിലേക്കു നിയോഗിച്ചതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ‘മുഖ്യമന്ത്രിക്കു വരേണ്ട ഫയലുകള്‍ പലതും അവിടെനിന്ന് എടുത്ത് എകെജി സെന്ററിലേക്കു കൊണ്ടുപോയിരുന്നു. അവിടെനിന്ന് തീരുമാനമെടുത്ത് കുറിപ്പോടു കൂടിയാണ് തിരിച്ചുവന്നിരുന്നത്. അതിനു വേണ്ടി മാത്രം ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന കെ.എന്‍.ബാലഗോപാല്‍, പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ തുടങ്ങി പാര്‍ട്ടി നിയോഗിച്ചവര്‍ കാര്യങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ വിഎസ് വിചാരിച്ച പോലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് എന്നോട് ഓഫിസിലേക്ക് വരാന്‍ വിഎസ് ആവശ്യപ്പെടുന്നത്.

സ്മാര്‍ട് സിറ്റിയുടെ ചര്‍ച്ചകളില്‍ ഇതു സ്പഷ്ടമായിരുന്നു. ചര്‍ച്ചകള്‍ക്കായി ദുബായില്‍ നിന്നാണ് സ്മാര്‍ട് സിറ്റി ഉദ്യോഗസ്ഥര്‍ വന്നത്. പി.ജി.ടെന്‍സിങ് ആയിരുന്നു ഐടി സെക്രട്ടറി. വലിയ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. ഒരു ഫയല്‍ രാജേന്ദ്രന്റെ അടുത്തും ഒരു ഫയല്‍ ബാലഗോപാലിന്റെ അടുത്തും ഒരു ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തുമാണ്. എങ്ങിനെ ചര്‍ച്ചയ്ക്കു പോകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിഎസിന്റെ സ്വപ്ന പദ്ധതിയായിരുന്നു സ്മാര്‍ട് സിറ്റി. ധനകാര്യവകുപ്പില്‍ നിന്ന് ഉള്‍പ്പെടെ അതില്‍ ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഫയലുകള്‍ പൂഴ്ത്തുകയും മെല്ലെപ്പോക്ക് ആക്കുന്നതും നേരിട്ടു കണ്ടിരുന്നുവെന്നും സുരേഷ് കുമാര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

മൂന്നാര്‍ ഒഴിപ്പിക്കലില്‍, അന്ന് സബ് കലക്ടര്‍ ആയിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് എതിരെയും സുരേഷ് കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സിപിഐ ഓഫിസിനെതിരെയാണ് നടപടി എന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നില്ല. അഞ്ചുനില റിസോര്‍ട്ടിന്റെ മുന്നില്‍നിന്നു ദേശീയപാതയിലേക്കു നീണ്ടു നില്‍ക്കുന്ന സ്ലാബ് ദേശീയപാത അധികൃതര്‍ പൊളിച്ചു മാറ്റുന്നുവെന്നും കുറച്ചുപേര്‍ മുദ്രാവാക്യം വിളിക്കുന്നുവെന്നും മാത്രമാണ് പറഞ്ഞത്. എന്നോട് അവിടേയ്ക്കു വരണമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. സ്ലാബ് മാറ്റാന്‍ ഞാന്‍ വരേണ്ടതില്ലെന്നു മറുപടിയും നല്‍കി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്നെ അവിടെ എത്തിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണു കരുതുന്നത്.

ഈ കെട്ടിടം സി.പി.ഐയുടെ മൂന്നാര്‍ ഓഫിസ് ആണെന്നാണു പിന്നീടു പറഞ്ഞത്. എന്നെ അവിടെ എത്തിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. മൂന്നാര്‍ കയ്യേറ്റത്തിന്റെ പല ഫയലുകളും നോക്കുമ്പോള്‍ രത്തന്‍ ഖേല്‍ക്കറുടെ നടപടി സംശയാസ്പദമായിരുന്നു എന്നും സുരേഷ്‌കുമാര്‍ പറയുന്നുണ്ട്. രത്തന്‍ ഖേല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നിയമലംഘനകള്‍ കണ്ടില്ലെന്നു നടിച്ചതിന്റെ പരമ്പര തന്നെ ഫയലുകളില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഇത്
രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണോ എന്നറിയില്ലെന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്.

അനധികൃത റിസോര്‍ട്ടുകളില്‍ നിന്ന് സിപിഐ വന്‍തോതില്‍ പണപ്പിരിവു നടത്തുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നും പരാതികള്‍ വന്നപ്പോഴാണ് വിഎസ് മൂന്നാര്‍ ദൗത്യത്തിനു നിര്‍ദ്ദേശിച്ചതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിഎസിനെ കൊണ്ടു തീരുമാനമെടുപ്പിച്ചത് പി.സി.ജോര്‍ജ് ആയിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും വിഎസ് നേരിട്ട് എത്തിയാല്‍ യഥാര്‍ഥ കയ്യേറ്റങ്ങള്‍ കാണിച്ചു തരാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ നേരിട്ടു കണ്ട ശേഷം വിഎസ് അവിടെ വച്ചു തന്നെ ഇതെല്ലാം ഇടിച്ചു നിരത്തുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പള്ളിവാസലിലെ മൂന്നാര്‍ വുഡ്സിലേക്ക് ജെസിബി നീങ്ങിയതോടെയാണ് വിഎസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായത്. റിസോര്‍ട്ടിന്റെ പേര് മൂന്നാര്‍ വുഡ്സ് എന്നാണെങ്കിലും പള്ളിവാസലില്‍ ഉള്ളവര്‍ വിളിക്കുന്നത് ലാവ്ലിന്‍ വുഡ്സ് എന്നാണ്.

ലാവ്ലിന്‍ കേസില്‍ സാക്ഷിയോ പ്രതിയോ ആയിരുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഭാര്യയായിരുന്നു അതിന്റെ ഒരു പാര്‍ട്നര്‍ എന്നും സുരേഷ്‌കുമാര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. വിഎസ് സര്‍ക്കാരിനു 2011ല്‍ തുടര്‍ഭരണം കിട്ടാതിരിക്കാന്‍ അന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിച്ചു. 13 മണ്ഡലങ്ങളില്‍ തോല്‍പിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇക്കാര്യം വിഎസ് തന്നെയാണു തന്നോടു പറഞ്ഞത്. ‘വിഎസിനൊപ്പം എന്റെ ദിനങ്ങള്‍’ ഈ വെളിപ്പെടുത്തല്‍ ഉള്ളതു കൊണ്ടുകൂടിയാണ് സി.പി.എമ്മിന്റെ ഭൂതമാകുന്നത്.

താന്‍ ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓണ്‍ലൈന്‍ ലോട്ടറി ടെര്‍മിനലുകള്‍ വിഎസിന്റെ മകന്‍ അരുണ്‍കുമാറിന്റെ ഭാര്യാപിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തില്‍ വിഎസ് എല്ലാ പിന്തുണയും നല്‍കി. ലോട്ടറിക്കാരുടെ കോടികളുടെ വില്‍പന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തില്‍ തന്റെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നു വിഎസ് തന്നോടു പറഞ്ഞിരുന്നതായി സുരേഷ്‌കുമാര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.