‘എന്തുകൊണ്ട് നമ്മള്‍ തോറ്റു’ എന്ന് അണികളോടു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത വിധം വൈരുദ്ധ്യാത്മക ഭൗതീക വാദക്കുഴിയില്‍ വീണു പോയിരിക്കുകയാണ് സി.പി.എം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനേക്കാള്‍ പ്രശ്‌നങ്ങള്‍, തോറ്റ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്കുള്ളില്‍ നടക്കുകയാണ്. എന്നിട്ടും, തോറ്റതിന്റെ കാരണം തോറ്റവര്‍ക്ക് ഇതുവരെ കണ്ടത്താനായിട്ടില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. പക്ഷെ, പാര്‍ട്ടി അണികള്‍ കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തു. പറ്റിയതെന്തെന്ന് തുറന്നു പറഞ്ഞു. എന്നാല്‍, പറഞ്ഞതെല്ലാം പാഴായതു പോലെ മേല്‍ഘടകം അതെല്ലാം വെട്ടിക്കളഞ്ഞിരിക്കുകയാണ്. സത്യത്തില്‍ ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് എതിരാളികളോട് നേതാക്കള്‍ പറയുന്നത്, ശരിക്കും അണികളോടാണ് പറയേണ്ടത്.
ഒരു ചുക്കും അറിയാതെ പാര്‍ട്ടി നേതൃത്വത്തെ നേരേയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് പാര്‍ട്ടിക്കു വേണ്ടി പിന്നെയും പിന്നെയും പണിയെടുക്കുകയാണ് അവര്‍. തെരഞ്ഞെടുപ്പിനു മുമ്പ് ആത്മവിശ്വാസം കൊണ്ട് അണികളെയെല്ലാം വീര്‍പ്പു മുട്ടിച്ച നേതൃത്വം. വാക്കുകളും, പ്രവൃത്തികളും കൊണ്ട് അണികളെ പുളകം കൊള്ളിച്ച നേതാക്കള്‍, മുന്നിണി തോറ്റതോടെ മിണ്ടാട്ടം മുട്ടിപ്പോയി. പിന്നെ, പതിയെ മറ്റുള്ളവര്‍ എന്തൊൊക്കെയാണ് പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. തെറ്റാണ് ചെയ്തു കൊണ്ടിരുന്നതെന്ന് സമ്മതിക്കാന്‍ മനസ്സില്ലാതെ, തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന് വെറുതേ പറഞ്ഞു പോയി. ഒപ്പം സംഘടനാ ദൗര്‍ബല്യം കണ്ടെത്തി തിരുത്തുമെന്നും പറഞ്ഞു. എന്നാല്‍, അണികള്‍ അങ്ങനെയല്ലായിരുന്നു പറഞ്ഞത്. സിപിഎമ്മിന് നേതൃമാറ്റം വേണമെന്നാണ് കീഴ്ഘടകങ്ങളുടെ ആവശ്യം.
സാധാരണക്കാരെ കണ്ടില്ല. ജനങ്ങളില്‍ നിന്നും നേതാക്കള്‍ അകന്നു പോയി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സാധാരണക്കാരന് ഇടമില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വസ്ത്രം മോശമാണെന്നു വരെ പറഞ്ഞെന്ന വിമര്‍ശനം കീഴ്ഘകത്തില്‍ നിന്നുണ്ടായി. നേതാക്കളെല്ലാം ബൂര്‍ഷ്വാസികളും അണികളെല്ലാം കമ്യൂണിസ്റ്റുകാരും ആയിരുന്ന ദശകമെന്നും ആരോപണം ഉയര്‍ന്നു. നേതാക്കള്‍ പറയുന്നതൊന്നും മനസ്സിലാകാത്ത ഭാഷ. തര്‍ക്കുത്തരവും, തറുതലയും, അബദ്ധ ന്യായീകരണങ്ങളും മാത്രം വിളമ്പിയ സമയം. രാജവാഴ്ചയെ ഓര്‍മ്മിപ്പിച്ചുള്ള പ്രവൃത്തികളും ഭാഷയും. ഇങ്ങനെ നീളുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റ് വരെയേ ജീവനുണ്ടായിരുന്നുള്ളൂ. അവിടെ അതിനെയെല്ലാം വെട്ടി. പിണറായി വിജയനും എംവി. ഗോവിന്ദനുമെതിരേയുണ്ടായിരുന്ന വിമര്‍ശനങ്ങളെ മാറ്റി മൃദു സ്പര്‍ശമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പകരം, സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകള്‍ തികച്ചും മയപ്പെടുത്തിയാണ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, വിമര്‍ശനങ്ങള്‍ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോര്‍ട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോര്‍ട്ടില്‍ അടിയന്തരമായി തിരുത്തലുകള്‍ വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത ആവശ്യമുയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പ്രധാന കാരണം ഭൂരിപക്ഷ വര്‍ഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകള്‍ സംഭവിച്ചതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇതിനുപുറമെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നതാണ് ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വിമര്‍ശനം. തൊലിപ്പുറത്തുള്ള ചികിത്സകള്‍ കൊണ്ട് മാത്രം പാര്‍ട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, വരുന്ന ഓഗസ്റ്റ് മാസത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ വലിയ തോതില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യം സിപിഎം നേതൃത്വം സമ്മതിക്കുന്നുണ്ട്. ഇതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകള്‍ മാത്രമാണോ, അതോ വര്‍ഗീയതയോട് പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ച ‘അഴകൊഴമ്പന്‍’ സമീപനവും കാരണമായോ എന്നത് ഗൗരവമായാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.വെള്ളാപ്പള്ളിയോടുള്ള സമീപനം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം കൂടുതല്‍ കടുപ്പിക്കണമെന്നും പാര്‍ട്ടിയുടെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യം.
പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ കണ്ണൂരിലുണ്ടായ വന്‍ തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചില കുറ്റസമ്മതങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സ്വന്തം ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച വേളയില്‍ ഈ യാഥാര്‍ഥ്യബോധം അദ്ദേഹത്തിന് എന്തുകൊണ്ട് ഉണ്ടായില്ലെന്ന രൂക്ഷമായ മറുചോദ്യവും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയിലെ ഈ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. യോഗത്തില്‍ ഉയര്‍ന്നുവന്ന രൂക്ഷവിമര്‍ശനങ്ങളും പൊതുവികാരവും അദ്ദേഹം അതേപടി മാധ്യമങ്ങളോട് തുറന്നുപറയുമോ, അതോ പതിവുപോലെ ഒഴിഞ്ഞുമാറുമോ എന്നാണ് ഇനി അറിയേണ്ടത്. നേതൃത്വത്തിന്റെ ഈ പുതിയ കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ കീഴ് ഘടകങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടും.
















