റഷ്യയുടെ യുദ്ധവിമാനം ടിയു-22എം3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. സൈബീരിയയിലെ ഇര്‍കുത്സ്‌ക് മേഖലയിലാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും വന്‍തോതില്‍ പുക ഉയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പരീക്ഷണ പറക്കലില്‍ നാല് ജീവനക്കാരാണ് പങ്കെടുത്തത്. യു.എസ് ബോംബറായ ബി-52 തകര്‍ന്നു വീണ ദിവസം തന്നെയാണ് റഷ്യന്‍ വിമാനവും തകര്‍ന്നത്. ശീതയുദ്ധ കാലത്താണ് (കോള്‍ഡ് വാര്‍) ഇരു വിമാനങ്ങളും വികസിപ്പിച്ചത്.
ടിയു-22എം3 വിമാനം യുദ്ധസാമഗ്രികളില്ലാതെയാണ് പറന്നത്. അതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കമന്‍ക ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് ഇര്‍കുത്സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സേവ് പറഞ്ഞു. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നാറ്റോ ‘ബാക്ക്ഫയര്‍’ എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ടിയു-22, സോവിയറ്റ് കാലഘട്ടത്തിലെ സൂപ്പര്‍സോണിക് ബോംബര്‍ വിമാനമാണ്. സിറിയയിലും യുക്രെയ്‌നിലും റഷ്യ ഇത് യുദ്ധത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പുതിയ പതിപ്പായ ടിയു-22എം3ക്ക് കെഎച്ച്-22 ക്രൂസ് മിസൈലുകളും, വിമാനത്തില്‍ നിന്നു തൊടുക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈലുകളും വഹിക്കാന്‍ ശേഷിയുണ്ട്.
യുഎസ് സൈന്യത്തിന്റെ ബി-52 ബോംബര്‍ വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതിനു പിന്നാലെയാണ് റഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത്. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റര്‍ വടക്കുള്ള എഡ്വേഡ്‌സ് വ്യോമസേനാ താവളത്തിലാണ് ബി-52 തകര്‍ന്നത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകര്‍ന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേഡ്‌സ് എയര്‍ഫോഴ്‌സ് ബേസ് പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
















