Kerala

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

കേന്ദ്ര സഹമന്ത്രി സ്ഥാനം ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു. ആറ് വര്‍ഷത്തെ രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. ജോര്‍ജ് കുര്യനെ മന്ത്രിയായി വീണ്ടും പരിഗണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. സംഘന ചുമതലയിലേക്ക് ജോര്‍ജ് കുര്യന്‍ മാറുമെന്നാണ് സൂചന. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന് താത്പര്യമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ജോര്‍ജ് കുര്യന്‍. ന്യൂനപക്ഷകാര്യ-മത്സ്യബന്ധന- മൃഗസംരക്ഷണം എന്നീ വകുപ്പുകലുടെ സഹമന്ത്രിസ്ഥാനമായിരുന്നു ജോര്‍ജ്ജ് കുര്യന്‍ വഹിച്ചിരുന്നത്.

2024 ജൂണ്‍ 9നാണ് ജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75ലെ വകുപ്പ് (2) പ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള ജോര്‍ജ് കുര്യന്റെ രാജി ഇന്ത്യന്‍ രാഷ്ട്രപതി സ്വീകരിച്ചുവെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ഇതുവരെ മന്ത്രിയായിരുന്ന ജോര്‍ജ്ജ് കുര്യന്‍ ആരായിരുന്നു എന്നതാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.

ആരാണ് ജോര്‍ജ് കുര്യന്‍ ?

1960 സെപ്റ്റംബര്‍ 20ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നമ്പ്യാകുളത്താണ് ജോര്‍ജ്ജ് കുര്യന്റെ ജനനം. ജന്മനാട്ടില്‍ തന്നെയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. നിയമവിദ്യാഭ്യാസം നേടിയ അദ്ദേഹം സുപ്രീംകോടതിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയും മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായിരുന്നു ജോര്‍ജ് കുര്യന്‍. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. കോട്ടയം ജില്ല സ്വദേശിയായ ജോര്‍ജ് കുര്യന്‍ ബിജെപിയുടെ രൂപീകരണ കാലം മുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്.

ബിജെപിയുടെ ദേശീയതലത്തിലും കേരള ഘടകത്തിലും വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ജോര്‍ജ് കുര്യന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബിജെപി മുന്നോട്ടുവച്ച പ്രധാന മുഖങ്ങളിലൊരാളായും ജോര്‍ജ് കുര്യന്‍ മാറി. 2024-ല്‍ മൂന്നാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി സ്ഥാനമേറ്റ ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലും ചുമതല വഹിച്ചു. ബിജെപി പ്രഖ്യാപിച്ച രാജ്യസഭ സ്ഥാനാര്‍ഥി പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഉള്‍പ്പെടാതിരുന്നത് രാഷ്ട്രീയതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു.

2016ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച് ജോര്‍ജ് കുര്യന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 1999 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യസഭാംഗത്വം രാജിവെച്ചതോടെ അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അദ്ദേഹത്തെ മത്സരിപ്പിച്ചേക്കാമെന്ന അഭ്യൂഹങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ബിജെപി ഇത്തവണ മധ്യപ്രദേശില്‍ നിന്ന് തരുണ്‍ ചുഗിനെയും രജനീഷ് അഗര്‍വാളിനെയുമാണ് ഉപരിസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.