കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനം കേരളത്തിന്റെ അടുത്ത ചീഫ്‌സെക്രട്ടറി ആരെന്നതിനായിരുന്നു. എ.ജയതിലക് ജൂണ്‍ 30ന് കാലാവധി അവസാനിപ്പിച്ച് സര്‍വ്വീസില്‍ നിന്നും പിരിയുമ്പോള്‍ പകരം നിയമിക്കണ്ട പേരുകളില്‍ തെളിഞ്ഞത് സംസ്ഥാനത്തെ സീനിയര്‍ ഐഎ.എസ് ഉദ്യോഗസ്ഥനായ ഒരു ബീഹാറുകാരനാണ്. പേര് ബിശ്വനാഥ് സിന്‍ഹ. മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് സാരിഥിയായി സാക്ഷാല്‍ ശ്രീകൃഷ്ണന്‍ എന്നപോലെ വി.ഡി. സതീശന്‍ എന്ന മുഖ്യമന്ത്രിക്ക് സാരഥിയായി ബിശ്വനനാഥ് സിന്‍ഹ എത്തുകയാണ്. ഇനി വെറും മൂന്നു ദിവസം മാത്രമേയുള്ളൂ. കേരളത്തിന്റെ ചീഫ്‌സെക്രട്ടറിയുടെ സ്ഥാനത്തേക്കെത്താന്‍. ഇനി കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബീഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ നയിക്കും.
സംസ്ഥാനത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ ജൂണ്‍ 30ന് ചുമതലയേല്‍ക്കുകയാണ്. കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ നിലവിലുള്ള സീനിയോറിറ്റി മാനദണ്ഡങ്ങളും സിവില്‍ സര്‍വീസ് ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറി പദവിയിലേക്ക് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഡോ. ബിശ്വാസ് മേത്തയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന മലയാളി അല്ലാത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. ക്യാബിനറ്റ് തീരുമാനം വന്നതിനു പിന്നാലെ മാധ്യമങ്ങള്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തിരയുന്ന പ്രധാന്യ കാര്യമാണിത്. ആരാണ് ബിശ്വനാഥ് സിന്‍ഹ എന്ന്. ഉത്തരം കിട്ടിയവരും കിട്ടാത്തവരും
1968 സെപ്റ്റംബര്‍ 24 ന് ജനിച്ച ബിശ്വനാഥ് സിന്‍ഹ, കേരള കേഡറിലെ 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയിട്ടുണ്ട്. നിലവില്‍, 2023 ജൂണ്‍ 28 മുതല്‍ തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, റസിഡന്റ് കമ്മീഷണര്‍, സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി, ചീഫ് വിജിലന്‍സ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, അണ്ടര്‍ സെക്രട്ടറി, അസിസ്റ്റന്റ് കളക്ടര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഭാഷാ പ്രാവീണ്യമുള്ള വ്യക്തി കൂടിയാണ്. കേരളത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും സാമൂഹിക പശ്ചാത്തലവുമെല്ലാം ഈ ബീഹാറുകാരന് കൈവെള്ള പോലെ ഹൃദ്ദിസ്തം.
ഭരണപരമായ കാര്യങ്ങളില്‍ കടുത്ത അച്ചടക്കം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. മുന്‍പ് അദ്ദേഹം പൊതുഭരണ വകുപ്പിന്റെ (ഏഅഉ) ചുമതലയിലിരുന്നപ്പോള്‍ സമര്‍പ്പിച്ച നിര്‍ണ്ണായക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കിയത്. മാത്രമല്ല, ഈ പഞ്ചിങ് സംവിധാനത്തെ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി (ടജഅഞഗ) ബന്ധിപ്പിച്ചതും അദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശ പ്രകാരമായിരുന്നു. വൈകി എത്തുന്നവര്‍ക്കും കൃത്യമായി പഞ്ച് ചെയ്യാത്തവര്‍ക്കും ശമ്പളം നഷ്ടമാകുന്ന ഈ പരിഷ്‌കാരം അക്കാലത്ത് വലിയ ഭരണപരമായ വിപ്ലവത്തിനാണ് വഴിവെച്ചത്.
അടുത്ത കാലത്ത് കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും വളരെ ചുരുങ്ങിയ കാലാവധി മാത്രമാണ് ലഭിച്ചിരുന്നത്. ഡോ. വി.പി. ജോയിക്ക് ശേഷം വന്ന ഡോ. വി. വേണു, ശാരദ മുരളീധരന്‍, എ. ജയതിലക് എന്നിവര്‍ക്കെല്ലാം ഒരു വര്‍ഷമോ അതില്‍ താഴെയോ മാത്രമായിരുന്നു പ്രവര്‍ത്തന കാലാവധി ലഭിച്ചത്. അതെല്ലാം കൃത്യമായ രാഷ്ട്രീയ നിയമനങ്ങളാണെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടാകില്ല. എങ്കിലും അര്‍ഹതയുള്ളവര്‍ തന്നെയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ സ്ഥാനത്തേക്ക് എത്തുന്ന ബിശ്വനാഥ് സിന്‍ഹയ്ക്ക് 2 വര്‍ഷവും 3 മാസവും ചീഫ് സെക്രട്ടറിയായി തുടരാന്‍ സാധിക്കും. 2028 സെപ്റ്റംബര്‍ അവസാനം വരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സര്‍വീസ് കാലാവധിയുള്ളത്.
ദീര്‍ഘമായ ഈ ഭരണകാലയളവ് സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കും ഭരണപരമായ പരിഷ്‌ക്കാരങ്ങള്‍ക്കും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര, വിജിലന്‍സ്, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഉന്നത പഠനത്തിന് ശേഷം സിവില്‍ സര്‍വീസിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ കരിയര്‍ റെക്കോര്‍ഡ് അഭിനന്ദനാര്‍ഹവും. മഹാപ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (CEO) മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. 2014 മുതല്‍ 2017 വരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറായി. വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ജില്ലാ കളക്ടറായും ശോഭിച്ചു.