കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പി.എസ്.സി) നടത്തുന്ന പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം അഡ്വ.ജെ.എസ്. അഖില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനും പരാതി നല്‍കി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി വച്ചാണ് പി.എസ്.സി ഒത്തുകളിക്കുന്നതെന്നും ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. സമീപകാലത്ത് നടന്ന വിവിധ പി.എസ്.സി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കലിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്.
യോഗ്യരായ പല ഉദ്യോഗാര്‍ത്ഥികളെയും പുറന്തള്ളി തങ്ങള്‍ക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി സംശയമുണ്ട്. കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളാണ് ഇത്തരം ക്രമക്കേടുകളിലൂടെ തകരുന്നത്.പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും വേണ്ടി നിലവിലെ മൂല്യനിര്‍ണയ പ്രക്രിയയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ജെ.എസ്. അഖില്‍ ആവശ്യപ്പെട്ടു.
















