തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വരെയുള്ള ദൂരം ഏകദേശം രണ്ടു കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍, ഇത്രയും ദൂരമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ എത്രയുണ്ടെന്ന് ട്രാഫിക് പോലീസുകാര്‍ക്ക് കൃത്യമായി അറിയാം. കാരണം, പോലീസുകാര്‍ ഇപ്പോള്‍ പോസ്‌റ്റെണ്ണി നടക്കുകയാണ്. മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കുക മാത്രമേ നിര്‍വാഹമുള്ളൂ എന്നതിനാല്‍ ലൈറ്റ് കത്തുന്ന പോസ്റ്റുകള്‍ എത്രയെന്നും കത്താത്ത പോസ്റ്റുകള്‍ എത്രയെന്നുമാണ് കണക്കു തിരിച്ച് എഴുതി വെയ്‌ക്കേണ്ടത്. ഡ്യൂട്ടി സമയത്താണോ, അതോ ഡ്യൂട്ടി കഴിഞ്ഞിട്ടാണോ എന്നതാണ് അറിയേണ്ടത്. ട്രാഫിക് പോലീസുകാരുടെ ഡ്യൂട്ടിയില്‍ ഇതും പെടുമെങ്കില്‍ പോലീസുകാര്‍ ശരിക്കും പെട്ടിരിക്കുയാണെന്നേ പറയാനുള്ളൂ.
അനിയന്ത്രിതമായ തിരക്കുള്ള തലസ്ഥാനത്തെ റോഡുകളില്‍ പൊടിയും പുകയും മഞ്ഞും മഴയും കടുത്ത വെയിലും ഏറ്റ് ജോലി ചെയ്യുന്ന ഇഴരുടെ ശാരീരിക മാനസിക നില എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിന്റെ കൂടെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ഗുരുതരമായ ആക്‌സിഡന്റുകളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെടുക, ഒരു മിനിട്ട് ട്രാഫിക് ലൈറ്റ് ജാമായാല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അഴിക്കുക തുടങ്ങി ഡ്യൂട്ടി ചെയ്യുന്ന മുഴുവന്‍ സമയവും വിശ്രമമില്ലാതെയണ് ഇവര്‍ നില്‍ക്കുന്നത്.
ഒന്നിരിക്കാന്‍ പോലും കഴിയാത്ത ഇവരെക്കൊണ്ട് സിറ്റിയിലെ പോസ്‌റ്റെണ്ണിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. സിറ്റിക്കകത്തെ പല പോസ്റ്റുകളിലും ലൈറ്റ് കത്തുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാന്‍ നോക്കി നടപ്പാണ് ട്രാഫിക്കിലെ പാവം ഏമ്മാന്‍മാര്‍. ഇങ്ങനെയുള്ള പോലീസ് കണക്കുകള്‍ കൗതുകവും കോമഡിയുമായി തോന്നാമെങ്കിലും കഠിനമായ ജോലി കഴിഞ്ഞ് വിശ്രമിക്കേണ്ടവരാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകുന്നുണ്ട്. എന്തായാലും പുതിയ പരിഷ്‌ക്കാരങ്ങള്‍ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയും,നാണക്കേടുമായിരിക്കുകയാണ്. തങ്ങളെ കോര്‍പ്പറേഷന്റെയും കെ.എസ്.ഇ.ബിയുടെയും സംയുക്ത പണി ചെയ്യിക്കുന്നതിലാണ് ഇവര്‍ക്ക് അമര്‍ഷം. പക്ഷെ, മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തരമില്ലല്ലോ എന്ന് ട്രാഫിക് പോലീസുകാര്‍. എന്നും ഈ ആചാരം തുടരുമോ എന്നാണ് ഇവരുടെ ഭയം. അതുകൊണ്ട് സിറ്റിയിലെ എല്ലാ പോസ്റ്റുകളിലുമാണ് ഡ്യൂട്ടിക്കിടയിലും ഇവരുടെ കണ്ണുകള്‍.
















