രാമന്റെ അയോധ്യയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ നിന്നും നേര്‍ച്ചയും വഴിപാടും ഭണ്ഡാരത്തില്‍ നിന്നുമുള്ള വരുമാനത്തില്‍ കൈയ്യിട്ടു വാരി കൊണ്ടു പോയവര്‍ ദിവസേന 8 ലക്ഷം രൂപയോളമാണ് അടിച്ചു മാറ്റിയിരുന്നതെന്ന് കണ്ടെത്തല്‍. ദിവസേന 6 മുതല്‍ 8 ലക്ഷം വരെ ചാക്കിലും വസ്ത്രങ്ങള്‍ക്കുള്ളിലും വെച്ചാണ് കടത്തിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതിദിനം നഷ്ടപ്പെട്ട പണത്തിന്റെ ഏകദേശ കണക്ക് വ്യക്തമായെന്ന് അന്വേഷണസംഘം പറഞ്ഞുവെന്നണ് ദേശീയ മാധ്യമം (NDTV) റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രക്കൊള്ള നടത്തിയതിനു പിന്നാലെ അന്വേഷണവും ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, കട്ടവരും കണ്ടവരും തിന്നവരുമൊന്നും അന്വേഷണത്തില്‍ കുടുങ്ങുമോ എന്നതാണ് കണ്ടറിയേണ്ടത്. രാഷ്ട്രീയ സ്വാധീനവും മത സ്വാധീനവുമൊക്കെയുള്ള വമ്പന്‍മാര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന.
ക്ഷേത്രത്തിലെ സംഭാവന പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് എസ്.ബി.ഐ ആണ്. അതിനായി ഒരു സ്വകാര്യ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 4 പെട്ടികളിലായി സൂക്ഷിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നത് 14അംഗ സംഘമാണ്. ഇതില്‍ 11 ബാങ്ക് ജീവനക്കാരും 3 ട്രസ്റ്റ് അംഗങ്ങളുമാണുള്ളത്. അന്വേഷണത്തില്‍ ചില എസ്.ബി.ഐ ജീവനക്കാരുടെ പങ്കിലും സംശയമുണ്ട്. അതും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ അയോധ്യ പൊലീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തെഴുതിട്ടുമുണ്ട്. ബാങ്ക് ജീവനക്കാരുടെ മൊഴിപ്രകാരം തട്ടിപ്പ് പുറത്തുവരുന്നതിന് മുന്‍പ് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന ശരാശരി 16-18 ലക്ഷം രൂപ വരെ എത്തിയിരുന്നു.
എന്നാല്‍ കേസ് പുറത്തുവന്നതിന് ശേഷം ഈ തുക 24-26 ലക്ഷം രൂപ വരെയായി ഉയര്‍ന്നു. അതായത് ഏകദേശം 6-8 ലക്ഷം രൂപ വരെ ഒരു ദിവസം തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിരമിച്ച ബാങ്ക് ജീവനക്കാരനും കേസിലെ പ്രതിയുമായ സുഭാഷ് ശ്രീവാസ്തവയാണ് എണ്ണല്‍ പ്രക്രിയയുടെ ചുമതല വഹിച്ചിരുന്നത്. പെട്ടികളില്‍ നിന്നുള്ള പണം പുറത്തെടുത്ത് കൗണ്ടിങ് മുറിയിലേക്കെത്തിക്കുകയും പിന്നീട് എസ്ബിഐക്ക് കൈമാറുകയുമാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. മോഷണം സംബന്ധിച്ച വിവരം ആദ്യമായി പുറത്തുവന്നത് ഫെബ്രുവരിയിലാണ്. പണം എണ്ണുന്ന സംഘത്തിലെ ഒരു അംഗമാണ് ഇക്കാര്യം സുഭാഷിനെ അറിയിച്ചത്. ”ദൈവം കാണുന്നുണ്ട്, ഇത് നിങ്ങളുടെയോ എന്റെയോ വീട്ടില്‍ നിന്ന് പോകുന്നതല്ല” എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. എസ്.ഐ.ടി ഇതുവരെ കേസില്‍ 8 പേരെയാണ് അറസ്റ്റ് ചെയ്തത്.
















