പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അപൂർവ രോഗം ബാധിച്ച പെൺകുട്ടികൾക്ക് കൈതാങ്ങായി ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരൻ. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇരുവർക്കും ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അമ്മ ഷംലയ്ക്ക് മന്ത്രി ഉറപ്പ് നൽകി. ഓർമ്മക്കുറവും കാഴ്ചയില്ലായ്മയും എല്ലുകൾക്ക് ബലമില്ലാത്തതും കാരണം എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഫാത്തിമയും (24) ഫാദിയയും (15).
പത്താംക്ലാസിൽ പഠിക്കുമ്പോൾ ഫാത്തിമയ്ക്കാണ് ആദ്യം രോഗം വന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം ഫാദിയയും രോഗബാധിതയായി. അച്ഛനില്ലാത്തിനാൽ ഷംല ഒറ്റയ്ക്കാണ് വിധിയോട് പോരാടുന്നത്. വാർത്തകളിലൂടെ വിവരം അറിഞ്ഞതോടെ മന്ത്രി പി.ടി.പി നഗറിലെ വാടകവീട്ടിലെത്തിയാണ് കുടുംബത്തെ സന്ദർശിച്ചത്. ചികിത്സ സംബന്ധിച്ച തുടർനടപടികൾക്കായി എൻ.എച്ച്.എം ഉദ്യോഗസ്ഥർ വീട്ടിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളിലൊരാൾ നിലത്ത് കിടക്കുന്നത് എന്താണെന്ന് മന്ത്രി ചോദിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കട്ടിൽ വിറ്റതാണെന്ന് അമ്മ ഷംല വിതുമ്പികൊണ്ട് പറഞ്ഞു. വീടിന്റെ വാടക കുടിശികയാണെന്നും മുന്നോട്ട് പോകാൻ വഴിയില്ലെന്നും ഷംല പറഞ്ഞു. ഉടൻ പ്രാദേശിക കോൺഗ്രസ് നേതാക്കളെ വിളിച്ച് കുടുംബത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
മക്കളുടെ ജീവൻ നിലനിറുത്താൻ മാസം രണ്ടര ലക്ഷം രൂപയാണ് വേണ്ടിവരുന്നതെന്ന് അമ്മ ഷംല പറഞ്ഞു. മന്ത്രിയുടെ കൈതാങ്ങോടെ വലിയ ആശ്വാസമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റി കുടുംബത്തിന് അടിയന്തരസഹായമെത്തിച്ചു. ലീഡറുടെ സ്മരണാർത്ഥമുള്ള മണ്ഡലം കമ്മിറ്റിയുടെ കരുണാർദ്രം പദ്ധതിയുടെ ഭാഗമായി അടിയന്തര ധനസഹായം നൽകി. പട്ടത്ത് വാടകയില്ലാതെ വീട് ലഭ്യമാക്കാനും തീരുമാനിച്ചു. കട്ടിലും വീട്ടുസാധനങ്ങളും ഉൾപ്പെടെ എത്തിച്ചു നൽകാനുള്ള നടപടികളും ആരംഭിച്ചു.
















