ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ അടി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അതിപ്പോള്‍ അതിരുകളെല്ലാം ഭേദിച്ച് പുറത്ത് എത്തിയിരിക്കുകയാണ്. ആരൊക്കെ ആര്‍ക്കൊക്കെ ശത്രുവാണെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥ. തമ്മിലടിയുടെ മൂര്‍ധന്യത്തില്‍ നടിമാരായ രേവതിയും പത്മപ്രിയയും അമ്മയില്‍ നിന്നും രാജിവെച്ചിരിക്കുകയാണ്. ഇവര്‍ക്കു പിന്നാലെ ആരൊക്കെയാണ് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും. അമ്മ സംഘടനയില്‍ ആദ്യമൊക്കെ അംഗത്വം ലഭിക്കാനായിരുന്നു തള്ളും ഇടിയുമൊക്കെ. ഇപ്പോള്‍ പുറത്തു ചാടാനാണ് തര്‍ക്കം.
ഇപ്പോള്‍ രാജി വെച്ച രേവതിയും പത്മപ്രിയയും നേരത്തെ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നവരാണ്. എന്നാല്‍, രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും സംഘടനയില്‍ പുരുഷാധിപത്യമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് രേവതിയും പത്മപ്രിയയും രാജിവിവരം അറിയിച്ചത്. ‘ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു.
സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ നടന്ന കൂട്ടരാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും, പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാര ഭ്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അമ്മ. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാന്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, നീതിയുക്തമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു.’ ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.
നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങലുമായി യാതൊരു ബന്ധവും തങ്ങളുടെ രാജിയില്‍ ഇല്ല എന്നു പറയുമ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്നതാണ് രാജി.