സി.പി.ഐയുടെ കാര്യമാണ് കഷ്ടം. ഭരണം കൈയ്യിലിരിക്കുമ്പോള്‍ നാല് മന്ത്രിമാരെ കിട്ടുമെന്നത് ഒഴിച്ചാല്‍ മുന്നണിയില്‍ അടിമയെപ്പോലെയാണ്. ബറണത്തില്‍പ്പോലും മന്ത്രിമാര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. മുഖ്യമന്ത്രിയുടെ താരാട്ട്പാട്ടെന്ന പോലെ നാലുനേരവും പിണറായി വിജയന്റെ പേര് എടുത്തു പറഞ്ഞ് സ്വന്തം വകുപ്പിലെ പദ്ധതികള്‍ പ്രഖ്യാപിക്കലായിരുന്നു പരിപാടി. അച്ചി വീട്ടിലെ പൊറുതി പോലെ ഭരണത്തിലിരുന്നപ്പോള്‍ പി.എം ശ്രീയിലും വകുപ്പിലെ ഇടപെടലുകളിലുമൊക്കെ പിറുപിറുത്തെങ്കിലും ഉച്ചത്തിലോ ശക്തമായോ ഒന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും സബ്ദിക്കാനാവാതെ പെട്ടിരിക്കുകയാണ്.
ഇതിനെല്ലാം പുറമേയാണ് സി.പി.ഐ വിട്ട് പോകുന്നവരുടെ കാര്യം. പാര്‍ട്ടി വിട്ട് പോകുന്നവരുടെ എണ്ണം കൂടുകയാണ്. എത്രപേര്‍ പോയെന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പെയിനും പാര്‍ട്ടി മുഖപത്രത്തിന്റെ വരിസംഖ്യയും നേക്കിയാല്‍ അറിയാനാകുമെന്നതാണ് സ്ഥിതി. എല്ലാ ജില്ലകളിലും പാര്‍ട്ടി വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയാണ്. പ്രത്യേകിച്ച് തലസ്ഥാന ജില്ലയില്‍. ബി.ജെ.പി നിയമസഭ കാണില്ലെന്ന് 20 വര്‍ഷം മുമ്പ് വീമ്പിളക്കിയവര്‍ ഇപ്പോള്‍ മിണ്ടാട്ടമില്ലാതിരിക്കുകയാണ്. ബി.ജെ.പിക്ക് 3 സീറ്റുണ്ട് സഭയില്‍. കേരളത്തില്‍ ബി.ജെ.പി തലപൊക്കില്ലെന്ന പറഞ്ഞവരുടെ മുമ്പിലൂടെ തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. പണ്ടത്തെ വില്ലന്‍ ഇപ്പോള്‍ നായകനും, പണ്ടത്തെ നായകന്‍ ഇപ്പോള്‍ വില്ലനും ആയിരിക്കുകയാണ്. അതായത്, ജനം എല്ലാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അത് സി.പി.ഐയ്ക്കും സി.പിഎമ്മിനും ഒരുപോലെ ദോഷം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു വന്നപ്പള്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകളിലേക്ക് പടര്‍ന്നു കയറി. അവിടെയെല്ലാം അടി പതറിയതും തകര്‍ന്നതും സി.പി.എമ്മും സി.പി.ഐയുമാണ്. തലസ്ഥാന ജില്ലയില്‍ സി.പി.ഐയെ പാടേ പ്രതിരോധത്തിലാക്കി നേമം മണ്ഡലത്തില്‍ വീണ്ടും പാര്‍ട്ടി വിട്ടുപോക്ക്. കഴിഞ്ഞ കുറച്ചു നാളുകളായി രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്ന നേമത്ത്, പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും ഒപ്പം കൂട്ടി സി.പി.ഐയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതോടെ ജില്ലയില്‍ പാര്‍ട്ടി നാമവശേഷമാകുമോ എന്ന ഭീതിയിലാണ് നേതൃത്വം. സി.പി.ഐ വിട്ട് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം വി.എസ്. സുലോചനന്റെ നേതൃത്വത്തിലാണ് കരുനീക്കങ്ങള്‍.
അസംതൃപ്തരെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കാനാണ് നീക്കം. ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായ ജയന്‍ കഴിഞ്ഞ ദിവസം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് വലിയ പോരിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയിലടക്കം ഈ വിഷയം തരംഗമായതോടെ സി.പി.ഐ നേതൃത്വം പ്രതിരോധത്തിലായി. ജയനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്ന് വ്യക്തമാക്കി ലോക്കല്‍ സെക്രട്ടറി ഷിബു കെ. സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അതൃപ്തി മറച്ചുവെക്കാനായില്ല. ആറ്റുകാലിന് പിന്നാലെ ഇപ്പോള്‍ പൂജപ്പുര ലോക്കല്‍ കമ്മിറ്റി കേന്ദ്രീകരിച്ചാണ് സുലോചനന്‍ വിഭാഗവും കോണ്‍ഗ്രസും അടുത്ത നീക്കങ്ങള്‍ നടത്തുന്നത്.
എ.ഐ.ടി.യു.സി നേതാവായ പ്രമുഖ യുവ വനിതാ നേതാവടക്കം പ്രദേശത്തെ മുതിര്‍ന്ന സി.പി.ഐ നേതാക്കളുമായും പ്രവര്‍ത്തകരുമായും സുലോചനന്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇവരെ ഉടന്‍ കോണ്‍ഗ്രസിലെത്തിക്കാനാണ് പദ്ധതി. നേമത്തെ കൂട്ടച്ചോര്‍ച്ച പാര്‍ട്ടിക്ക് അസ്തിത്വ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ സി.പി.ഐ ജില്ലാ നേതൃത്വം അടിയന്തര പ്രതിരോധ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചോര്‍ച്ച തടയാനായി നേമം മണ്ഡലത്തിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ‘പാര്‍ട്ടി ക്ലാസുകള്‍’ എന്ന പേരില്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെയും യോഗം പ്രത്യേകമായി വിളിച്ചുചേര്‍ക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കി. അപ്പോഴും സുലോചനന്‍ കളി തുടരുകയാണ്.
പാര്‍ട്ടി ക്ലാസിന്റെ മറവില്‍ യോഗം വിളിച്ച് അസംതൃപ്തരെ നേരില്‍ കണ്ട് സംസാരിക്കാനും ചോര്‍ച്ച തടയാനുമാണ് ശ്രമം. എന്നാല്‍ പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതാവടക്കം കൂടുതല്‍ പ്രമുഖര്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്നുറപ്പായതോടെ നേമത്ത് സി.പി.ഐ ആടിയുലയുകയാണ്. സമാന പ്രശ്‌നങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇടതു പാര്‍ട്ടികളെ വിട്ട് കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കും ചേക്കേറുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.
















