തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വലിയ ചങ്കിടിപ്പും തോല്‍വി ഭയവുമെല്ലം ഉണ്ടാക്കുമ്പോള്‍ കേരളത്തിലെ ഒരു പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മാത്രം അത് സാമ്പത്തിക ലാഭമായി മാറുന്നുണ്ട്. അത് ബി.ജെ.പിക്കാണ്. അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണം പിടിക്കാനോ നാല് എം.എല്‍.എമാരെ ഉണ്ടാക്കാനോ, പാര്‍ലമെന്റില്‍ രണ്ടക്ക എം.പിമാരെ സൃഷ്ടിക്കാനോ, എന്തിന് ഒരു നഗരസഭ ഒറ്റയ്ക്ക് ഭരിക്കാനോ കഴിയില്ല എന്ന ചിന്തയില്‍ നിന്നുമാണ് ഈ സാമ്പത്തിക ലാഭക്കൊതി ഉണ്ടായത്. എന്നാല്‍, ഇത്തവണ അത് പാടെ തെറ്റിയതോടെ തെരഞ്ഞെടുപ്പ് ഫണ്ട് വെച്ചിട്ടവരെയെല്ലാം കൈയ്യോടെ പൊക്കിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.
കേരളത്തില്‍ ഇതുവരെയും കണ്ട രാഷ്ട്രീയ മാറ്റമല്ല, അടുത്തിടെ ഉണ്ടായത്. തലസ്ഥാന നഗരസഭ പിടിച്ചത് ബി.ജെ.പിയാണ്. തൃശൂര്‍ എം.പിയായി സുരേഷ് ഗോപി അക്കൗണ്ട് തുറന്നു. നിയമസഭയില്‍ മൂന്ന് എം.എല്‍.എമാരെ സൃഷ്ടിച്ചു. ഇതെല്ലാം ബി.ജെ.പിയുടെ കേരളത്തിലെ ചുവടുറപ്പിന്റെ സൂചനകളായി. എന്നാല്‍, പണ്ടൊക്കെ അങ്ങനെയല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതു പോലും തോല്‍ക്കുമെന്നു മുന്‍കൂട്ടി തീരുമാനിച്ചാണ്. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികള്‍ക്കായി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭൂരിഭാഗവും അടിച്ചു മാറ്റുകയാണ് പതിവ്. സ്ഥിരമായുള്ള പരാജയം നേരിയ വിജയത്തിലേക്ക് കടന്നതോടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗം എങ്ങനെയൊക്കെയാണെന്ന് പാര്‍ട്ടി പരിശോധിച്ചു തുടങ്ങി. അങ്ങനെ കണ്ടെത്തിയ സാമ്പത്തിക തിരിമറിയും, വെട്ടിപ്പും ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഉള്‍പാര്‍ട്ടീ കലാപത്തിലേക്കും ശുദ്ധികലശത്തിലേക്കും പുന: സംഘടനയ്ക്കും വഴിവെച്ചിരിക്കുകയാണ്.
വെട്ടിപ്പിന്റെ തീവ്രതയും ആഴവും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. അരങ്ങേറിയത് സങ്കല്പങ്ങള്‍ക്കും അപ്പുറത്തുള്ള അതിഭീകരമായ സാമ്പത്തിക ക്രമക്കേടുകളെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രചാരണത്തിനായി എത്തിയ ഹെലികോപ്റ്ററുകളുടെ മണിക്കൂറുകളിലും വാടകയ്‌ക്കെടുത്ത കാറുകളുടെ ട്രിപ്പ് ഷീറ്റുകളിലും വരെ കൃത്രിമം കാണിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇതിനു പുറമെ പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് വായ്പയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍, വാഹന വാടക ഇനങ്ങളിലാണ് ഏറ്റവും വലിയ ക്രമക്കേട് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകള്‍ 136 മണിക്കൂര്‍ പറക്കാനാണ് കരാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ ആകെ ഉപയോഗിച്ചത് വെറും 42 മണിക്കൂര്‍ മാത്രമാണ്. ബാക്കിമണിക്കൂറുകള്‍ വ്യാജമായി കണക്കില്‍ കാണിച്ച് ഇതിന്റെ മറവില്‍ ലക്ഷങ്ങളാണ് ചില നേതാക്കള്‍ തട്ടിയത്. ഇതിനുപുറമെയാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സംസ്ഥാന വ്യാപകമായി വാടകയ്‌ക്കെടുത്ത 200 കാറുകളുടെ പേരിലുള്ള തട്ടിപ്പ്. ഇതില്‍ പകുതി കാറുകള്‍ പോലും ഒരു ദിവസവും പ്രചാരണത്തിനായി ഉപയോഗിച്ചില്ല. എന്നാല്‍ ഈ വണ്ടികളെല്ലാം ഓടിയെന്ന് വരുത്തി തീര്‍ക്കാന്‍ ട്രിപ്പ് ഷീറ്റുകളില്‍ വ്യാപക തിരിമറി നടത്തി. ഈ ഒരൊറ്റ തിരിമറിയിലൂടെ മാത്രം ഒരു കോടിയോളം രൂപയാണ് ബി.ജെ.പിയിലെ ചില നേതാക്കള്‍ തട്ടിയത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തു കൊണ്ടു വന്നതോടെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികള്‍ നിര്‍മ്മിക്കാനുള്ള മൂന്നരക്കോടി രൂപയുടെ കരാറിലും വന്‍ വെട്ടിപ്പാണ് നടന്നത്.
കേന്ദ്ര നേതൃത്വം നല്‍കുന്ന ഔദ്യോഗിക കൊടികള്‍ വരാന്‍ വൈകിയ സാഹചര്യം മുതലെടുത്ത്, പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടിലൂടെ ബി.ജെ.പിയുടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച നേതാവും ചേര്‍ന്ന് 54 ലക്ഷം രൂപയാണ് കമ്മീഷനായി കൈപ്പറ്റിയത്. പിന്നീട് കേന്ദ്രം അയച്ച ലക്ഷക്കണക്കിന് കൊടികള്‍ നിലവില്‍ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവാക്കിയതിലും വലിയ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനും പാര്‍ട്ടിയെ അഴിമതിരഹിതമായി നയിക്കാനും കേന്ദ്രം നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പൂര്‍ണ്ണമായും നിരാശനാക്കുന്നതാണ് സ്വന്തം മൂക്കിന് താഴെ നടന്ന ഈ കോടികളുടെ ഫണ്ട് വെട്ടിപ്പ്.
അദ്ദേഹത്തിന്റെ കാലയളവില്‍ തന്നെ ഇത്രയും വലിയ സാമ്പത്തിക കൊള്ള നടന്നത് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ രാജീവ് ചന്ദ്രശേഖറിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായി തകര്‍ത്തതോടെ, സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് അടിയന്തരമായി മാറ്റിനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കുറ്റക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ചില പ്രമുഖ ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിലപാടുള്ളതിനാല്‍ ഇത്തവണ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ല.
















