ശ്വേതാ മേനോന്റെ രാജിയും, അമ്മയിലെ അടിയും കഴിഞ്ഞ് രമേഷ് പിഷാരടിയുടെ അഡ്‌ഹോക്ക് കമ്മിറ്റി വരെ എത്തി നില്‍ക്കുന്ന സിനിമാക്കാരുടെ ഐക്യം വീണ്ടും സാമ്പത്തിക അഴിമതിയിലേക്കും വര്‍ഗീയ ധ്രുവീകരണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി നടി മാലാ പാര്‍വ്വതി. അദാനി ഗ്രൂപ്പിന്റെ 15 കോടി രൂപ അമ്മയില്‍ എത്തിക്കുന്നതിനു ശ്വേതാ മേനോന്‍ നടത്തിയ ഇടപെടലുകളാണ് മാലാ പാര്‍വ്വതിയുടെ പുതിയ വെളിപാടില്‍ നിന്നുണ്ടായ വെളിപ്പെടുത്തല്‍. ചില കാര്യങ്ങള്‍ മുന്‍കൂട്ടി പറയാനാകാത്തതും, സിനിമാ മേഖലയായതിനാല്‍ പറയാനാകാത്തതുമാണ്. എന്നാല്‍, അവസരം ഒത്തു കിട്ടുമ്പോള്‍ പറയാതിരിക്കാനുമാവില്ല. ശ്വേതാ മേനോന്റെ അഡ്‌ഹോക്ക് കമ്മിറ്റിയോടും അമ്മയിലെ രാജിയും പിന്നീടു തിരിച്ചു വരാനുള്ള വ്യഗ്രതയുമൊക്കെയാണ് ഈ വെളിപ്പെടുത്തലിന് ആധാരം.
കൊച്ചിയില്‍ വെച്ചാണ് മാലാപാര്‍വ്വതിയും മറ്റു നടിമാരും ചേര്‍ന്ന് വാര്‍ത്താ സമ്മേളം നടത്തിയത്. ഇതിനു തൊട്ടുമുമ്പ് രമേഷ് പിഷാരടിയും ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയായിരുന്നു. ഇതേ തുചര്‍ന്നാണ് മാലാ പാര്‍വ്വതി വാര്‍ത്താ സമ്മേളനം വിളിച്ചട് വെളിപ്പെടുത്തല്‍ നടത്താന്‍ തീരുമാനിച്ചതും. അമ്മ’യ്ക്കുള്ളില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമെ തീവ്രമായ രാഷ്ട്രീയ-വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും നടന്നിരുവെന്നതാണ് മാലാ പാര്‍വതിയുടെ വെളിപ്പെടുത്തലിന്റെ കാതല്‍. അന്‍സിബ ഹസ്സന്‍ എന്ന നടിയെ ലക്ഷ്യമിട്ട് വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനും സംഘടനയിലേക്ക് കോടികളുടെ കോര്‍പ്പറേറ്റ് ഫണ്ടുകള്‍ എത്തിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടന്നു.. വര്‍ഗീയത വിളിച്ചു പറഞ്ഞ് സംഘടനയ്ക്കുള്ളില്‍ ഒരു ധ്രുവീകരണം നടപ്പാക്കാന്‍ ശ്വേത മേനോന്‍ ശ്രമിച്ചു എന്നത് ആരോപണം മാത്രമല്ല, തന്റെ അനുഭവമാണെന്നും മാലാ പാര്‍വതി വെളിപ്പെടുത്തി.
ശ്വേതാ മേനോന്‍ പ്രസിഡന്റായ കമ്മിറ്റി ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പില്‍ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് എത്തിക്കാന്‍ നീക്കം നടന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാക്കാര്‍ക്ക് വീടും സഹായവും നല്‍കുന്ന ‘ദക്ഷിണ’ പോലുള്ള പദ്ധതികളുടെ മറവിലാണ് ഈ പണം എത്തിക്കാനുള്ള ശ്രമം നടത്തിയത്. ‘അമ്മ’ സ്വന്തം നിലയില്‍ ഷോകള്‍ നടത്തി കണ്ടെത്തുന്ന ഫണ്ടാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് ഇത്രയും വലിയ തുക സംഘടനയിലേക്ക് കൊണ്ടുവരാന്‍ ഇടനിലക്കാരി ആയത് ‘അമ്മ’യില്‍ അംഗമല്ലാത്ത ആളാണ് എന്നതാണ് ഞെട്ടിക്കുന്നത്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവും മുന്‍ കൗണ്‍സിലറുമായ പത്മജയാണെന്ന് മാലാ പാര്‍വതി വെളിപ്പെടുത്തിയതോടെ സിനിമാക്കാരുടെ വിഷയം വേറൊരു തലത്തിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ വ്യക്തമായ വീഡിയോ തെളിവുകള്‍ തന്റെ കയ്യിലുണ്ട്. ഈ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതക്കുറവ് തന്നെയാണ് പിന്നീട് ജനറല്‍ ബോഡിയില്‍ ശ്വേതയുടെ കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോര്‍ട്ട് പാസ്സാകാതിരിക്കാനും കമ്മിറ്റി പുറത്താകാനും കാരണമായത് എന്ന് മാലാ പാര്‍വതി പറയുന്നു. ഇങ്ങനെയൊരു സംഘമല്ല അമ്മ ഭരിക്കേണ്ടത്. ജനാധിപത്യ രാജ്യത്തിലെ ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെങ്കിലും ‘അമ്മ’യിലൂടെ ചില രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചതിനെയാണ് താന്‍ എതിര്‍ത്തതെന്നും അവര്‍ വ്യക്തമാക്കി.
- മാലാ പാര്‍വ്വതിയുടെ വാക്കുകള്‍
എന്താണ് അമ്മയില്‍ നടക്കുന്നതെന്ന് കുറച്ചുകാലങ്ങളായി എല്ലാവരും ചോദിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്തതും വിചാരിക്കാത്തതും 32 വര്‍ഷമായി അമ്മയില്‍ നടക്കാത്തതുമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല. 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയില്‍ അദാനി ഗ്രൂപ്പ് തരുന്നു എന്ന് പറയുമ്പോള്‍ ഇവര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റുന്നില്ല. ഈ അദാനി ഗ്രൂപ്പിന് ഇവരുടേതായ കുറെ പരിപാടികളുണ്ട്; ‘ദക്ഷിണ’ പോലെയുള്ളവ. സിനിമ രംഗത്ത് ഉണ്ടായിരുന്ന, ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് കരുതലായിട്ട് കൊടുക്കുന്ന കാര്യങ്ങളൊക്കെ അതിലുണ്ട്. അത് കുറച്ചുകൂടി കൂടുതല്‍ കൊടുക്കാം, വീട് വെച്ചു കൊടുക്കാം അങ്ങനെ പല കാര്യങ്ങളും ചെയ്യാം. 15 കോടി രൂപ എന്ന് പറഞ്ഞാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും! ഒരു സ്ത്രീ വന്നിട്ട് ഇത്രയും പണം കൊണ്ടുവരുന്നു എന്ന് കാണിക്കുമ്പോള്‍, ‘ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത എന്ത് കാര്യമാണ് ഇവരുടെ കയ്യില്‍ ഉള്ളത്?’ എന്ന ഭാവമാണ്. സാധാരണയായി ‘അമ്മ’ ഒരു ഷോ നടത്തും, അതില്‍ നിന്നുള്ള പൈസ വെച്ചാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്.
പിന്നെ ഇതില്‍ പറയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് അറിയാമോ? മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്നും 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയില്‍ കൊണ്ടുവരുമെന്ന് പറയുന്ന വ്യക്തി മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ്. ഞങ്ങളുടെ അറിവില്‍ അവര്‍ ‘അമ്മ’യിലെ മെമ്പര്‍ അല്ല. അവര്‍ക്ക് ‘അമ്മ’യുമായിട്ട് എന്താണ് ബന്ധമെന്നും ഞങ്ങള്‍ക്കറിയില്ല. സംസ്ഥാന നേതാവാണ്, മുന്‍ കൗണ്‍സിലറുമാണ്; ശ്രീമതി പത്മജ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിന്റെ വീഡിയോ എന്റെ കയ്യിലുണ്ട്, ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഞാന്‍ അയച്ചു തരാം. അപ്പോള്‍ ഇവര്‍ എങ്ങനെയാണ് ഈ വിഷയം സംസാരിക്കുന്നത്? ഇവര്‍ ‘അമ്മ’യുടെ നേതാവാണോ?
ശ്വേത പലവട്ടം പറഞ്ഞു അവര്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്ന്! അവര്‍ കോണ്‍ഗ്രസോ ബിജെപിയോ സിപിഎമ്മോ സിപിഐയോ ആകാം… അതിലൊന്നും ആര്‍ക്കും ഒരു വിരോധവും ഇല്ല. ഒരു അയിത്തവും ഇല്ല. ഇതെല്ലാം ജനാധിപത്യ ഇന്ത്യയിലുള്ള പാര്‍ട്ടികളാണ്. എന്നാല്‍ അത്തരം അജണ്ടകള്‍ സംഘടനയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഞങ്ങള്‍ എതിര്‍ക്കും. അതു ചോദ്യം ചെയ്യുന്ന ഒരാളായിരുന്നു അന്‍സിബ. അന്‍സിബ എന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വര്‍ഗീയവാദിയാക്കി ജിഹാദിയാക്കി അവിടെ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. വര്‍ഗീയത വിളിച്ചു പറഞ്ഞ് അവിടെ ഒരു ധ്രുവീകരണം നടപ്പിലാക്കാന്‍ ശ്രമിച്ചു എന്നത് എന്റെ ആരോപണമല്ല, അനുഭവമാണ്. മാലാ പാര്‍വതിയാണ് ഗൂഢാലോചന നടത്തുന്നതെന്ന് നിങ്ങള്‍ പലവട്ടം കേട്ടുകാണും. എന്താണ് ആ ഗൂഢാചോലന? എന്തിനാണ് എനിക്ക് മൈക്ക് തരാതെ ശ്വേത എന്നെ വട്ടം പിടിച്ചു നിന്നത്?
രമേശ് പിഷാരടിയുടെ ഒരു ഫോണ്‍ സംഭാഷണം അവര്‍ പുറത്തുവിട്ടതിനു ശേഷം ശ്വേതയ്ക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്നു തോന്നി. വ്യക്തിപരമായ ഒരു സംഭാഷണം, ഒരാള്‍ കൂടി ആ കോണ്‍ഫറന്‍സ് കോളിലുണ്ടായിരുന്നു എന്ന് അറിയുന്നതിന്റെ ധൈര്യത്തിലാണ് ഞാനിതു പറയുന്നത്. അന്‍സിബയുടെ വിഷയം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അന്‍സിബ നാലു പേരെ കണ്‍വേര്‍ട്ട് ചെയ്യാന്‍ നോക്കി എന്നാണ്. എന്താ ഈ സംസാരിക്കുന്നത് എന്നാണ് ഞാന്‍ ശ്വേതയോട് ചോദിച്ചത്. അങ്ങനെ സംസാരിക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ചെറിയൊരു തര്‍ക്കം ഉണ്ടായി. ഇതൊരു സാമൂഹ്യവിഷയമാണെന്നും ഇതു പുറത്തു പറയുമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്, ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകില്ല എന്നാണ്. ഈ വിഷയത്തില്‍ നിന്ന് മാറി നിന്നോളൂ, എനിക്ക് ചേച്ചിയോട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് എന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ വിഷയത്തില്‍ ഇടപെടരുതെന്ന് അവര്‍ എന്നെ താക്കീത് ചെയ്തു. ശ്വേതയടക്കം ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അതായത് അന്‍സിബ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച ആ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഞാന്‍ വിളിച്ചു. അയാള്‍ ഒരു ഓര്‍മപ്പെടുത്തല്‍ പോലും ആവശ്യമില്ലാതെ ഒരു സംശയത്തിനു പോലും ഇട നല്‍കാതെ, 2023ല്‍ നടന്ന ഒരു സിനിമയുടെ കാര്യം പറയുകയാണ്. അവിടെ വച്ച് അന്‍സിബ ഒരു നോമ്പെടുത്തുവെന്നും അതിനോടൊപ്പം ഈ പ്രൊഡക്ഷന്‍ ഡിസൈനറുടെ മകന്‍- അഭിനയിക്കാനോ അസിസ്റ്റന്റ് ഡയറക്ടറായോ വന്നതാണ്- അന്‍സിബയ്‌ക്കൊപ്പം നോമ്പു തുറന്നുവെന്നും പറഞ്ഞു. ഈ ഒരു കാര്യത്തിനെ 2026ലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി വിഷയത്തില്‍ ഒരു വാട്ട്‌സാപ്പ് ചാറ്റില്‍ ഒരു ഭീഷണിയുടെ സ്വരത്തില്‍ ഉപയോഗിച്ചത് എന്തിനാണ്? ഇതു ചോദിച്ചപ്പോള്‍ ശ്വേത ചോദിച്ചത് ചേച്ചിക്ക് ജയിലില്‍ പോയി കിടക്കാന്‍ ആഗ്രഹമുണ്ടോ എന്നാണ്. തിഹാര്‍ ജയിലില്‍ അന്‍സിബ പോയാല്‍ കുറച്ചു പ്രശ്‌നമില്ലേ എന്ന് ഞാനും തിരിച്ചു ചോദിച്ചു. അങ്ങനെ ഞങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനു ശേഷമാണ് ഞാന്‍ ഗൂഢാലോചനക്കാരി ആയത്.
എനിക്ക് ഗൂഢാലോചനയൊന്നുമില്ല, ആലോചന മാത്രമേ ഉള്ളൂ. കാരണം ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണം നടത്തുന്ന വര്‍ഗീയവാദം പ്രചരിപ്പിക്കുന്ന മനുഷ്യരെ ഒന്നായി കാണാന്‍ സാധിക്കാത്ത ജാതിമതങ്ങളെ ഒന്നായി കാണാനാകാത്ത കലാകാരന്‍മാരുടെ ഇടയില്‍ ധ്രുവീകരണം നടത്തുന്ന ആള്‍ക്കാരല്ല അമ്മ ഭരിക്കേണ്ടത്. അതെന്റെ വിശ്വാസമാണ്. കേരളം അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സംഘടനയില്‍ നടക്കുന്നത് നാളെ വരാനിരിക്കുന്ന ‘കേരള സ്റ്റോറി’ ആണെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തില്‍ വരെ പോകുന്ന ഒരു സിനിമാ നടി, മലപ്പുറംകാരി മുസ്ലിം- അവര്‍ അവിടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്ന ഒരു കഥ സിനിമയായി വന്നാല്‍ ഉത്തരേന്ത്യയില്‍ നന്നായി ഓടും. ഈ കഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇതു പുറത്തു പറയണ്ട എന്നു കരുതി ഇരുന്നിട്ടും മറ്റു വിഷയങ്ങളിലൂടെ ഇതു പുറത്തുവരികയാണ്.
അന്‍സിബയെ പുറത്താക്കണം എന്ന അജണ്ടയുമായാണ് അവര്‍ വന്നത്. പക്ഷേ, ജനറല്‍ ബോഡിയില്‍ അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ അന്‍സിബയ്‌ക്കൊപ്പം നിന്നു. ശ്വേതയ്ക്ക് ഉത്തരം ഇല്ലാതായി എന്നത് സത്യമാണ്. അതിന് ബാബുരാജ് ഒരു ആരോപണം മുന്നോട്ടു വച്ചു. ഒരു പ്രത്യേക പാര്‍ട്ടിയില്‍ നിന്നും രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന് ശ്വേതയോട് ചോദിച്ചു. ആ ആരോപണമൊന്നും ജനറല്‍ ബോഡി ഗൗരവമായി എടുത്തില്ല. പിറ്റേദിവസം ലക്ഷ്മിപ്രിയ പറഞ്ഞപ്പോഴാണ് ഇത് എത്ര ഗൗരവമുള്ള കാര്യമാണെന്ന് തിരിച്ചറിയുന്നത്. ശ്വേത ജനറല്‍ ബോഡിയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്തിനാണ് അവര്‍ പോകുന്നത്? അടിസ്ഥാനമില്ലാത്ത ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ എന്താണെന്ന് തിരിച്ചു ചോദിക്കുകയല്ലേ ചെയ്യുക? അങ്ങനെ ചോദിക്കാതെ അവര്‍ ഇറങ്ങി ഓടിയത് എന്തിനാണ്? അംഗത്വം രാജി വച്ച് പോവുകയാണെന്നു പറഞ്ഞ് അവര്‍ പോയി. ‘ഞാനും എന്റെ അംഗങ്ങളും രാജി വയ്ക്കുകയാണ്’ എന്നാണ് പറഞ്ഞത്. അവരാരും അതിനെ എതിര്‍ത്തില്ല. ജനറല്‍ ബോഡിയാണ് ഏറ്റവും ഉന്നത സമിതി. അവര്‍ രാജി വച്ചതിനു ശേഷം ജനറല്‍ ബോഡി തീരുമാനമെടുത്തു പുതിയൊരു സമിതിയെ വയ്ക്കാന്‍! ആ സമിതിയുടെ അധ്യക്ഷനെയാണ് വെള്ളിയാഴ്ച ഒരു ഫോണ്‍ കോള്‍ ചോര്‍ത്തിക്കൊണ്ട് മ്ലേച്ഛമായ രീതിയില്‍ കോടതിയില്‍ പോയി ഒഴിവാക്കിയത്. ഞങ്ങള്‍ കയ്യും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അവിടെ ഇരുത്തിയത്. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. പക്ഷേ, ആ രാഷ്ട്രീയം അമ്മയില്‍ കളിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ബിജെപി ആയിട്ടുള്ള അംഗങ്ങളുണ്ട് അമ്മയില്‍. എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അവരെയെല്ലാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ പിടിച്ചുകൊണ്ട് ബോളിവുഡില്‍ നടക്കുന്ന പോലെ സിനിമയെ വര്‍ഗീയവല്‍ക്കരിക്കുന്ന ശ്രമം മുളയിലേ നുള്ളാന്‍ ശ്രമിച്ചു എന്നുള്ള ഗൂഢാലോചന കുറ്റം ഉണ്ടെങ്കില്‍ അതു ഞാന്‍ ചെയ്തിട്ടുണ്ട്. അതിന് ഞാന്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. രൂക്ഷമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അശ്ലീലം പറഞ്ഞിട്ടില്ല.
















