സ്വന്തം സുഖം വെടിഞ്ഞ് വനവാസം നടത്തിയ, രാജ ഭരണത്തേക്കാള്‍ ജനങ്ങളുടെ ക്ഷേമം സ്വപ്‌നം കണ്ട ശ്രീരാമന്റെ ജന്‍മസ്ഥലമായ അയോധ്യയില്‍ ഇപ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആരാണോ രാമന് ക്ഷേത്രം വേണമെന്ന് ശാഠ്യം പിടിച്ചത്, അവര്‍ തന്നെ ക്ഷേത്രത്തിലെ സമ്പത്ത് കൊള്ളയടിക്കുകയാണ്. ഭക്തര്‍ രാമന്റെ ചെറുപതിപ്പായ രാംലല്ലയ്ക്ക് നല്‍കിയ സംഭവാനകള്‍ അടിച്ചു മാറ്റിയും, തട്ടിപ്പു നടത്തിയുമൊക്കെ ആഡംബര ജീവിതം ആസ്വദിക്കുകയാണ്. തട്ടിപ്പു നടത്തിയവരെ കണ്ടെത്തിയെന്ന് അന്വേഷണ സംഘം പറയുമ്പോള്‍, ക്ഷേത്രത്തിന്റെ പേരില്‍ നടന്ന തചട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വരികയാണ്. ശ്രീ രമന്റെ സ്വത്തും സമ്പാദ്യവും തട്ടുന്നവരെ ഓരോരുത്തരെയായി ഇനിയും പിടികൂടുമെന്നു തന്നെയാണ് അന്വേഷണ സംഘം പറയുന്നത്.
ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല, അയോധ്യയിലെ അനുബന്ധ നിര്‍മ്മാണങ്ങളിലും അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അയോധ്യയെ ലോകോത്തര തീര്‍ഥാടനകേന്ദ്രം ആക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ പലതും ലക്ഷ്യത്തിലെത്തിയില്ല. ഇതിന്റെ ഉദാഹരണമാണ് ക്ഷേത്രത്തിനു മുന്‍വശത്ത് ഏക്കറുകണക്കിനു സ്ഥലത്ത് തളംകെട്ടി നില്‍ക്കുന്ന മലിനജലം. ഈച്ചയും എലിയും കുരങ്ങും നായ്ക്കളും വിഹരിക്കുന്ന ഇതിനു ചുറ്റും ഭക്ഷ്യോല്‍പന്നങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടകള്‍ കാണാം. ഇവിടെ എന്താണ് ചെയ്യേണ്ടതെന്നു പോലും അദികൃര്‍ക്ക് ഇപ്പോള്‍ നിശ്ചയമില്ല. അഥവാ ചെയ്യേണ്ടതിനെ കുറിച്ചുള്ള ധാരണയുണ്ടെങ്കിലും അത് ചെയ്യാന്‍ കഴിയാതെ കിടക്കുകയാണ്. ഇത് തികഞ്ഞ അനാസ്ഥയായേ കാണാനാകൂ.
രാമക്ഷേത്രം, രാമകഥാ മ്യൂസിയം, ചുറ്റുമതില്‍ ഉള്‍പ്പെടെ അയോധ്യയിലെ നിര്‍മ്മാണങ്ങളുടെ ആകെ ചെലവ് 1600-1800 കോടി രൂപയാകുമെന്നു രാമക്ഷേത്ര നിര്‍മ്മണസമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. 3 ദിവസമായി അയോധ്യയിലുള്ള മിശ്ര, നിര്‍മ്മാണപുരോഗതി വിലയിരുത്തിയ യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ ഓഗസ്റ്റ് 15നു മുമ്പ് പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നു പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, ട്രസ്റ്റില്‍ നിന്നു രാജിവച്ച ചമ്പത് റായിയുമായി ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതലയുള്ള കൃഷ്ണമോഹന്‍ കൂടിക്കാഴ്ച നടത്തി.
13 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് അയോധ്യയിലേക്കുള്ള പാതയായ ‘രാംപഥ്’ വിഭാവനം ചെയ്തത്. കാലങ്ങളായി കച്ചവടം ചെയ്തിരുന്നവരെപ്പോലും ഒഴിപ്പിച്ച് റോഡിന്റെ വീതികൂട്ടി. കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. എന്നിട്ടും രാംപഥില്‍ ഇ-കാര്‍ട്ടുകള്‍ കുരുങ്ങിക്കിടക്കുന്നു. റോഡ് കയ്യേറി നിര്‍മ്മാണങ്ങള്‍ നടക്കുന്നു. ഒരിഞ്ച് വ്യത്യാസത്തില്‍ ചുമരുകള്‍ ഉയര്‍ന്നതോടെ വെള്ളമൊഴുകാനുള്ള വഴികള്‍ അടഞ്ഞു. ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍നിന്നുമുള്ള മലിനജലം പലയിടത്തും കെട്ടിക്കിടക്കുന്നു. സൗന്ദര്യവല്‍ക്കരണത്തിനു കോടികള്‍ മുടക്കിയ സരയൂനദിയുടെ തീരവും പരിസരങ്ങളും പോലും അഴകു നഷ്ടപ്പെട്ട സ്ഥിതിയിലാണ്.
റോഡും നടപ്പാതയും കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞു. കാല്‍നടയാത്രപോലും തടസ്സപ്പെടുത്തുന്ന വിധത്തിലാണു പരസ്യബോര്‍ഡുകള്‍. ക്ഷേത്രത്തിന്റെ കാഴ്ചമറയ്ക്കുന്ന തരത്തില്‍ വന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ത്തിയിരിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെ വികസിപ്പിക്കാമായിരുന്ന നഗരമാണ് രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി 3 വര്‍ഷമാകുംമുന്‍പേ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റും അയോധ്യയുടെയും ഫൈസാബാദിന്റെയും വികസനം ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച അയോധ്യ വികസന അതോറിറ്റിയും ബിജെപി ഭരിക്കുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷനും ഇക്കാര്യത്തില്‍ ഒരുപോലെ പരാജയപ്പെട്ടു.
















