അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്. ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടു എന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയത്. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരില്‍ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. എന്നിട്ടും റാമിനെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞില്ല എന്നതാണ് കൗതുകം. റാമിന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള എല്ലാ വഴികളും തുറന്നു കിടന്നിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ പീഡനമാ അട്രോസിറ്റീസ് ആക്ട് കൂടി ഇതില്‍ നിലനില്‍ക്കെ കേസിന്റെ ഗതി തന്നെ വലുതാണ്. പക്ഷെ, റാമിന് കോടതിയില്‍ പോകാനുള്ള സാവകാശം നല്‍കുക വഴി ഒരു പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥിയുടെ പരാതിയും മരണവും നതി കിട്ടാതെ നില്‍ക്കുകയാണ്.
എന്നാല്‍, ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് റാമിനു വേണ്ടിയുള്ള അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞാണ് റാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി കേസ് പരിഗണിക്കുന്നതു വരെയുള്ള കാലയളവെങ്കിലും ക്രൈംബ്രാഞ്ചിന് റാമിനെ പിടിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. അതോ സുപ്രീം കോടതിയില്‍ നിന്നും റാമിന് അനുകൂല വിധി വരുന്നതു വരെ അന്വേഷണം തുടരുമോ. എന്തായാലും നിധിന്‍രാജ് എന്ന ഭാവി ദന്തല്‍ ഡോക്ടറാകാന്‍ പഠിച്ച കുട്ടിയുടെ ആത്മാവിന് നീതി ലഭിക്കില്ല എന്നിടത്താണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
















