സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ പരിശോധിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ധനകാര്യ പരിശോധനാ വിഭാ?ഗം കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമുള്ളത് മാത്രം നിലനിര്‍ത്തും. സ്ഥാപനങ്ങള്‍ക്ക് ബാധ്യതയായ നിയമനങ്ങള്‍ ഒഴിവാക്കും. ആളുകള്‍ക്ക് വേണ്ടി സ്ഥാപനം പ്രവര്‍ത്തിക്കേണ്ട. സ്ഥാപനത്തിന് വേണ്ടി ആളുകള്‍ പ്രവര്‍ത്തിക്കട്ടെയെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ചില ആളുകള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എന്നിട്ട് അവര്‍ സ്ഥാപനത്തിനെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സ്ഥാപനത്തിന്റെ നടത്തിപ്പിന് ആളുകളുടെ അനിവാര്യതയുണ്ടെങ്കില്‍ അത് മനസിലാക്കാം. പല സ്ഥാപനങ്ങളിലും നൂറും നൂറ്റി ഇരുപത്തിയഞ്ചും ആളുകളൊക്കെ പല സ്ഥാനത്തും വെച്ചിരിക്കുകയാണ്. ഇവരെന്താ ചെയ്യുന്നതെന്നൊക്കെ പരിശോധിക്കും. ആവശ്യമുള്ള ആളുകളെ നിലനിര്‍ത്തും. മെറിറ്റുള്ളവരെ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ ചായ്വ് നോക്കില്ല. ഏതെങ്കിലും കാലത്ത് ഏതെങ്കിലും രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് മാനദണ്ഡമാക്കില്ല. അക്കാര്യത്തില്‍ വൈരനിര്യാതന ബുദ്ധിയൊന്നും ഇല്ല. പക്ഷെ, പല സ്ഥാനങ്ങളിലും ചിലരെ നിയമിച്ചിരിക്കുന്ന തെറ്റായ രീതിയുണ്ട്. അതിലൊരു മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികളുടെ തലപ്പത്തേക്ക് ചുമതലക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഈമാസം അവസാനത്തോടെ പുതിയ അധ്യക്ഷന്‍മാര്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാകും വിധം ചെയര്‍മാനും ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ഉള്‍പ്പെടെ ഉടന്‍ നിലവില്‍ വരും. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനെ നിയമിക്കാന്‍ വൈകുന്നുവെന്ന പേരില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ എന്‍ട്രികള്‍ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് തന്നെ പതിവുപോലെ ഐ.എഫ്.എഫ്.കെ നടക്കും.
















