തൈക്കാട് ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്ററായി ഉയർത്തുന്നതിൻ്റെ ഭാഗമായി തയ്യാറാക്കിയ പുതിയ സയൻസ് ലാബുകളുടെ ഉദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ 20 ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ അത്യാധുനിക ഓപ്പൺ സയൻസ് പാർക്കും ഇൻഡോർ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലാബും സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രിസി.പി. ജോൺ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
‘ചെയ്തുകൊണ്ട് പഠിക്കുക’ (Learning by doing) എന്ന ഗാന്ധിയൻ വിദ്യാഭ്യാസ ദർശനം പൂർണ്ണമായും പ്രാവർത്തികമാക്കുന്ന രൂപത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സയൻസിലെ സങ്കീർണ്ണമായ പ്രധാന തത്വങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും സ്വയം ചെയത് പരീക്ഷിച്ച് നിരീക്ഷിക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിദ്യാലയത്തിലെ പ്രകൃതിദത്ത അന്തരീക്ഷത്തോട് ചേർന്നുനിൽക്കുന്ന ഔട്ട്ഡോർ സയൻസ് പാർക്കിൽ ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 40-ഓളം വ്യത്യസ്ത ഔട്ട്ഡോർ മോഡലുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾക്ക് പുറത്ത് പ്രകൃതിയോട് ഇണങ്ങിനിന്ന് തത്സമയ പരീക്ഷണങ്ങൾ നടത്താൻ ഇത് കുട്ടികളെ സഹായിക്കും.
സ്കൂളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഡോർ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലാബിൽ അക്കാദമിക് പാഠ്യപദ്ധതിക്ക് അനുസൃതമായ 70-ലധികം ശാസ്ത്ര പരീക്ഷണ കിറ്റുകളും മാതൃകകളുമാണ് ഒരുക്കിയിട്ടുള്ളത്.
ഓംസ് നിയമം (Ohm’s Law), തരംഗ ചലനങ്ങൾ, പ്രകാശത്തിൻ്റെ പ്രതിപതനം, മെക്കാനിക്സ് തുടങ്ങിയ വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾക്ക് സ്വയം പരീക്ഷിച്ചറിയാൻ ഈ ഇൻഡോർ ലാബ് വഴിയൊരുക്കും. സ്മാർട്ട് ഡിജിറ്റൽ ബോർഡുകൾ, ക്രിയേറ്റീവ് കോർണറുകൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ലേണിംഗ് സോണുകളും ഇതിൻ്റെ ഭാഗമായി ലാബിൽ തയ്യാറാക്കിയിട്ടുണ്ട്.
കേവലം പുസ്തക വിജ്ഞാന മനപ്പാഠത്തിനപ്പുറം കുട്ടികളിൽ പ്രായോഗിക ജ്ഞാനം വളർത്താൻ ഈ ലാബുകൾ ഏറെ സഹായകരമാകും. സയൻസ്, ടെക്നോളജി വിഷയങ്ങളോട് വിദ്യാർത്ഥികൾക്ക് താല്പര്യം വർദ്ധിക്കുന്നതിനൊപ്പം ഗ്രൂപ്പ് പ്രൊജക്റ്റുകളിലൂടെ കുട്ടികളിൽ പരസ്പര സഹകരണവും പ്രശ്നപരിഹാര ശേഷിയും വിമർശനാത്മക ചിന്തയും വികസിക്കാൻ ഇത് കാരണമാകും.
ആധുനിക ലോകത്തിന് അനുയോജ്യമായ STEM (Science, Technology, Engineering, Mathematics) സ്കില്ലുകളിൽ കുട്ടികൾക്ക് ചെറുപ്പത്തിലേ മികച്ച അടിത്തറ നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. സ്കൂൾ സമയത്തിന് ശേഷം പ്രാദേശിക സമൂഹത്തിനും കുടുംബങ്ങൾക്കും സുസ്ഥിര ഊർജ്ജ-പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ഈ പാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാക്കാവുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിരവധി ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
















