തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
ഇന്നലെയാണ് വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിൽ മദ്യപിക്കാൻ എത്തിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ സംഘം , എതിർ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അരക്ക് താഴേക്കാണ് പൊള്ളലേറ്റത്. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വെമ്പായം ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയത്. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് അഗ്നിബാധ പൂർണ്ണമായും കെടുത്തിയത്. ശരീരത്തിൽ തീ പിടിച്ചതോടെ ഇവർ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചിതറിയോടുകയായിരുന്നു.
Story Highlights : Attack at Vembayam bar: Statements of those undergoing treatment recorded
















