കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് മൂലം കാര്‍ഡ് വിതരണത്തില്‍ കാലതാമസം ഉണ്ടായി. സാങ്കേതിക പ്രശ്‌നം പരിഹരിച്ചതോടെ പുതിയ കാര്‍ഡ് വിതരണം പുനരാരംഭിച്ചു. നിലവിലെ സാധുവായ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. പ്രചരിക്കുന്നത് സ്ഥിരീകരിക്കാത്ത വിവരങ്ങളാണെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നുമാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
കാന്‍സര്‍ രോഗികള്‍ക്കായുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
STORY HIGHLIGHT : KSRTC has clarified that the free travel facility for cancer patients has not been withdrawn
















