നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ സി.ജെ.പി (കോക്രോച്ച് ജനതാ പാര്‍ട്ടി) നടത്തിയ സമരം വിജയിച്ചതിനു പിന്നാലെ നിയമവിദഗ്ദ്ധനായ അഡ്വക്കേറ്റ് കെ. രാംകുമാര്‍ പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സമരത്തിന്റെ ഉപജ്ഞാതാവ് പാക്കിസ്താനിലോ, ചൈനയിലോ ഒക്കെയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, അതെല്ലാം പാടി തള്ളിക്കൊണ്ടാണ് ഇന്ത്യന്‍ യുവത ജന്തര്‍മന്തറിലെ സമരപ്പന്തലിലേക്ക് എത്തിയത്. തീവ്രവാദികളെന്നും തീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാംകുമാറിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ചൈനയുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായി നിയമവിദഗ്ധന്‍ അഡ്വ. കെ രാംകുമാര്‍. ‘ഞാന്‍ സി.ജെ.പിയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നത് ചൈനീസ് ജനത പാര്‍ട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാര്‍ട്ടി എന്നോ ആണ്, ഈ രണ്ട് കൂട്ടര്‍ക്കും സമരവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.’ അഡ്വ. കെ രാംകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പേരില്‍ നടക്കുന്ന സമരങ്ങളെ വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ഥ വിദ്യാര്‍ഥികളല്ലെന്നും, മറിച്ച് മറ്റ് പല വിഭാഗത്തില്‍പ്പെട്ടവരുമാണെന്ന് രാംകുമാര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍, ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തുകകള്‍ ചെലവാക്കിയാണ് ആളുകളെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എത്തിച്ചിരിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രക്ഷിതാക്കളുടെ പണം ഉപയോഗിച്ച് ഇത്രയും വലിയ സാമ്പത്തിക ചെലവ് വഹിച്ച് ഡല്‍ഹിയില്‍ എത്തുക അസാധ്യമാണ്. ഇതില്‍ നിന്ന് തന്നെ യാത്ര, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന നിഗൂഢ സംഘടനകള്‍ ഈ സമരത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാകുന്നു. സമരപ്പന്തലില്‍ ‘ബര്‍ഗര്‍’ പോലെയുള്ള വിഭവങ്ങള്‍ കഴിക്കുന്നവരുണ്ട്. സാധാരണക്കാരുടെ ഭക്ഷണമല്ലാത്ത ഇത്തരം കാര്യങ്ങള്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നത് സമ്പന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റിനെതിരായ പ്രതിഷേധം എന്ന പേരില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ്. മുന്‍കാല സമരങ്ങളില്‍ പരാജയപ്പെട്ട ആളുകളെ പുനസംഘടിപ്പിക്കാനും, രാജ്യത്ത് നഗ്‌നമായ അരാജകത്വം സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ വിദ്യാര്‍ഥികളുടെയോ നീറ്റിന്റെയോ പ്രശ്‌നം വഴിമാറിപ്പോയെന്നും, ഇത് പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള സമരമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ ഇടം വീണ്ടെടുക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തെ ഉപയോഗിക്കുന്നത്. ‘ഇന്ത്യ’ മുന്നണിയെ ‘ഇന്ദിര നെഹ്റു ഡൈനാസ്റ്റി ഇന്‍ട്രെസ്റ്റ് അലയന്‍സ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികളുടെ കൈകളിലെ പന്തായി ചില യുവാക്കളും വിദ്യാര്‍ഥി സംഘടനകളും മാറിയിരിക്കുകയാണ്.
ചൈനീസ് എംബസിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സിപിഎം നേതാവ് എം.എ ബേബിയോടൊപ്പം വേദി പങ്കിട്ടതും, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫൗണ്ടേഷനുകള്‍ സമരത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും ദുരൂഹമാണ്. ഇതിനുപുറമെ, രാജ്യവിരുദ്ധ താല്പര്യങ്ങളുള്ള പലരും സമരത്തിന് പിന്നിലുണ്ട്. ഡല്‍ഹിയില്‍ കലാപങ്ങളുണ്ടാകുമ്പോള്‍ സ്ഥിരമായി പങ്കെടുക്കുന്ന ജെഎന്‍യുവിലെ ചില വിഭാഗങ്ങളും ഈ സമരരംഗത്തുണ്ട്. അതുപോലെ, ഭൂട്ടാനില്‍ നിന്നും കാറുകള്‍ കടത്തിയെന്ന ആരോപണം നേരിടുന്ന സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ സംശയാസ്പദമായ പശ്ചാത്തലമുള്ള പലരുമാണ് സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.